ലഖ്നൗ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പോലീസ്. ഉത്തർപ്രദേശ് സർക്കാരാണ് ഇന്ത്യൻ താരത്തിന് പ്രത്യേക അംഗീകാരം നൽകിയത്. 26 കാരിയായ താരം ഇന്ത്യൻ ടീമിനായി നടത്തുന്ന സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. മൂന്ന് കോടി രൂപയുടെ ക്യാഷ് അവാർഡും സർക്കാർ താരത്തിന് നൽകി.
കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ ദീപ്തി ശർമ്മ അംഗമായ ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലായിരുന്നു നേട്ടം. 2023 ഡിസംബറിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ദീപ്തി ശർമ്മയാണ് സ്വന്തമാക്കിയത്.
ഉത്തർപ്രദേശ് സർക്കാർ നൽകിയ അംഗീകാരത്തിൽ ദീപ്തി ശർമ്മ നന്ദി അറിയിച്ചു. പാരാ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ജതിൻ കുശ്വാഹ, യാഷ് കുമാർ എന്നിവർക്കും ഉത്തർപ്രദേശ് സർക്കാരിന്റെ ബഹുമതി ലഭിച്ചു. ഇരുവർക്കും അഞ്ച് ലക്ഷം രൂപ വീതമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക