കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷപേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിവിധതലങ്ങളില്‍ അപൂര്‍വ്വഭാഗ്യം ലഭിച്ചവരാണ് കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍.
ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മേഘ്ന എം നാഥിന്ആങ്കറിങ്ങിന് അവസരം ലഭിച്ചപ്പോള്‍ അതെ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വാതികൃഷ്ണയ്ക്ക് ചര്‍ച്ചയില്‍ ചോദ്യമുന്നയിക്കാനുള്ള അവസരമാണ് ലഭിച്ചത്. ഗോവിന്ദപുരം കേന്ദ്രീയവിദ്യാലയത്തിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി വാസുദേവ് നന്ദന്ശര്മ്മ എഴുതിയ അരിക്കൊമ്പനും കുഞ്ഞിക്കിളിയും എന്ന പുസ്തകത്തിന്റെ മലയാളം, ഹിന്ദി പതിപ്പുകള്‍ പരീക്ഷാ പേ ചര്‍ച്ചയില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൂടെയുണ്ടായിരുന്ന കൂട്ടുകാരി മേഘ്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ ആങ്കറിങ്ങ് നടത്തുന്നത് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്അഭിമാനപൂര്വ്വം കണ്ടുനിന്നു. അപൂര്‍വ്വ ഭാഗ്യത്തെ ജീവിതത്തിലെ ധന്യനിമിഷമെന്നാണ് മേഘ്ന പറയുന്നത്. സ്വപ്നത്തില്‍ പോലും വരാത്ത നിമിഷം സാക്ഷാത്കരിക്കപ്പെട്ട അനുഭവം. കുട്ടികളെ പേരുവിളിച്ചും പരിചയപ്പെടുത്തിയും അനുഭവപരിജ്ഞാനമുള്ള അവതാരകയായി മേഘ്ന വേദിയില്‍ പകര്‍ന്നാടി.
ലക്ഷക്കണക്കിന് ചോദ്യങ്ങളില്‍ നിന്നും തന്റെ ചോദ്യം തിരഞ്ഞെടുക്കപ്പെട്ടതിന്റെ അമ്പരപ്പില്‍ നിന്ന് സ്വാതി മോചിതയായത് അവയ്ക്ക് മോദി മറുപടി പറയുന്നത് കേട്ടപ്പോഴാണ്. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഉറപ്പിക്കും വരെ ഏറെ നേരം അവിശ്വസനീയതയോടെ നിന്നു. സമാനമായ മൂന്നു ചോദ്യങ്ങളുടെ ഉത്തരം ഒരുമിച്ചാണ് അദ്ദേഹം നല്‍കിയത്. കൂട്ടുകാരില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അനാരോഗ്യപ്രവണതകളില്‍ നിന്ന് എങ്ങനെ മോചിതയാവാം എന്നായിരുന്നു ചോദ്യം.
പരസ്പരം സ്നേഹിച്ചും സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞും ഇത്തരം പ്രവണതകളെ അതിജീവിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മോദി മുത്തച്ഛനെ തനിക്ക് ചെറുപ്പത്തിലെ ഇഷ്ടമായിരുന്നുവെന്നും താന്‍ എഴുതിയ ബുക്ക് മോദി മുത്തച്ഛന്റെ അടുത്തെത്തിക്കാന്‍ ആഗ്രഹിച്ചിരുന്നതായും അത് എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും വാസുദേവ് നന്ദന് ശര്‍മ്മ പറഞ്ഞു.
കേന്ദ്രീയ വിദ്യാലയം ഒന്നിലെ ലൈബ്രേറിയന്‍ ഷാഫിസാറിനോടാണ് താന്‍ ഇതിന് നന്ദിപറയുന്നതെന്നും അവിടെ എത്താന്‍ സഹായിച്ചത് അദ്ദേഹമാണെന്നും വാസുദേവ് പറഞ്ഞു.
അരിക്കൊമ്പനെ കൊണ്ടുപോയതിന്റെ നോവനുഭവമാണ് അരിക്കൊമ്പനും കുഞ്ഞിക്കിളിയും എന്ന രചന. മോദി കോഴിക്കോട്ടെത്തുമ്പോള്‍ പുസ്തകം നേരിട്ട് നല്‍കണമെന്നാണ് ആഗ്രഹം. പ്രിന്സിപ്പാല് എ.പി. വിനോദ് കുമാറും മറ്റ് അധ്യാപക അനധ്യാകരും കുട്ടികളും കേന്ദ്രീയവിദ്യാലയത്തില്‍ ഒരുക്കിയ സ്ക്രീനില്‍ പരീക്ഷപേ ചര്‍ച്ച കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: