പൂജാമുറി ഉണ്ടെങ്കില്‍ മുന്‍വശത്ത് വിളക്ക് കത്തിക്കണോ? മുന്‍വശത്ത് വിളക്ക് കത്തിക്കുന്നതിന്റെ കാരണമെന്ത്?
പൂജാമുറിയില്‍ വിളക്കു കത്തിച്ചശേഷം വീടിന്റെ മുന്‍വശത്ത് തീര്‍ച്ചയായും വിളക്ക് കത്തിക്കണം. വീടിന്റെ സര്‍വൈശ്വര്യത്തിനും സന്ധ്യാസമയത്ത് അണുക്കള്‍ വീടിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാനും ഇത് സഹായിക്കും.
കന്നിമൂലയുടെ പടിഞ്ഞാറുഭാഗത്തുള്ള ഭിത്തിയോട് ചേര്‍ന്ന് ഡ്രസ്സിംഗ് ടേബിള്‍ വയ്‌ക്കാമോ?
കന്നിമൂലയുടെ തെക്കേ ചുമരിനോട് ചേര്‍ന്ന് ഒരു അലമാര വയ്‌ക്കുകയും അതിനകത്ത് പണവും ആഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും വയ്‌ക്കുന്നത് ഉത്തമമാണ്. ഇങ്ങനെ ചെയ്താല്‍ ആ വീട്ടില്‍ സമ്പത്തുണ്ടാകും. ഡ്രസിംഗ് ടേബിള്‍ പടിഞ്ഞാറ് ഭാഗത്ത് ഇടുന്നതില്‍ തെറ്റില്ല.
വീടിന്റെ ദര്‍ശനം എങ്ങോട്ടാണ് ഉത്തമം? ഓരോ ഭാഗത്തേയ്‌ക്കും ദര്‍ശനം വന്നാലുള്ള ഫലമെന്ത്?
മഹാദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഇതില്‍ ഏതു ഭാഗത്ത് വീടിന്റെ ദര്‍ശനം വന്നാലും നല്ലതാണ്. എന്നാല്‍ വീടിന്റെ ദര്‍ശനം അഷ്ടദിക്കുകളിലേക്ക് ആകരുത്. കിഴക്കും വടക്കും ഭാഗത്താണ് സാധാരണയായി കൂടുതല്‍ ദര്‍ശനം കൊടുക്കാറുള്ളത്. ഈ ഭാഗത്തുനിന്ന് സൂര്യപ്രകാശം കൂടുതല്‍ കിട്ടുന്നതാണ്.
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് തെക്ക് ദര്‍ശനം ഏറ്റവും നല്ലതാണ്. പടിഞ്ഞാറ് ദര്‍ശനം പൊലീസ് മേധാവികള്‍ക്കും സൈനിക സേവനം അനുഷ്ഠിക്കുന്നവര്‍ക്കും ഉത്തമമാണ്. വടക്ക് ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, സാഹിത്യകാരന്മാര്‍ എന്നിവര്‍ക്കും കിഴക്ക് എല്ലാവര്‍ക്കും ദര്‍ശനമാകാം.
തെക്ക് ദര്‍ശനം നല്ലതല്ലെന്ന് പറയുന്നു. അത് വാസ്തവമാണോ?
ഇത് തെറ്റിദ്ധാരണയാണ്. തെക്ക് ദര്‍ശനം വരുന്ന വീടുകള്‍ക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാകും.
മൂന്ന്, നാല് സെന്റ് വാസ്തുവില്‍ വീട്പണിയുമ്പോള്‍ വാസ്തുശാസ്ത്രം എത്രത്തോളം കണക്കാക്കാന്‍ സാധിക്കും? ഇവിടെ ദിശ എങ്ങനെ കണക്കാക്കാനാകും?
മൂന്നുസെന്റായാലും നാലുസെന്റായാലും വീടു പണിയുമ്പോള്‍ വാസ്തുതത്ത്വങ്ങള്‍ പരിപാലിക്കുവാന്‍ സാധിക്കും. നാല് ദിക്കുകളില്‍ ഏത് ദിക്ക് വന്നാലും പ്രശ്‌നമല്ല. എന്നാല്‍ വാതിലിന്റെ സ്ഥാനങ്ങളും മുറികളുടെ ക്രമീകരണവും ശരിയായിരുന്നാല്‍ മതി. പ്രത്യേകിച്ച് അടുക്കളുടെയും പ്രധാന കിടപ്പുമുറിയുടെയും സ്ഥാനം നോക്കിക്കണമെന്നു മാത്രം.
കന്നിമൂലയില്‍ തെങ്ങ്, തുളസി എന്നിവ നടാമോ?
കന്നിമൂലയില്‍ തുളസി നടുന്നതില്‍ തെറ്റില്ല. എന്നാല്‍ തുളസിയുടെ സ്ഥാനം വീടിന്റെ മുന്‍ഭാഗമാണ്. കന്നിമൂലയോടുചേര്‍ന്ന് തെങ്ങ് നടുന്നത് നല്ലതല്ല.
വീട്ടിലെ സ്ഥാനം തെറ്റിയുള്ള പൂജാമുറിയുടെ ഫലമെന്താണ്?
വീട്ടില്‍ നിര്‍ബന്ധമായും പൂജാമുറി സ്ഥാപിക്കണമെന്ന് ഒരു ഗ്രന്ഥത്തിലും പറയുന്നില്ല. എന്നാല്‍ പൂജാമുറി സ്ഥാപിച്ചാല്‍ അതിന്റേതായ മഹത്വം സൂക്ഷിക്കണം. വാസ്തുദോഷം ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് തെറ്റായ രീതിയില്‍ പൂജാമുറിയും അടുക്കളയും സ്ഥാപിക്കുമ്പോഴാണ്. പൂജാമുറിക്ക് ഏറ്റവും ഉത്തമമായ സ്ഥാനം വടക്ക് കിഴക്ക് (ഈശാന കോണ്‍) ആണ്. അതല്ലെങ്കില്‍ ഗൃഹാന്തരീക്ഷത്തിന് അനുസൃതമായ രീതിയില്‍ ആകുന്നതില്‍ തെറ്റില്ല. പൂജാമുറിയുടെ വശത്തെ ചുമരിലോ മുകള്‍ ഭാഗത്തോ ബാത്ത്‌റൂം വരാന്‍ പാടില്ല. കാരണം മനുഷ്യന്റെ നെഗറ്റീവ് എനര്‍ജി പുറംതളളുന്ന ഭാഗമാണ് ബാത്ത്‌റൂമുകള്‍. പൂജാമുറി ആണെങ്കില്‍ പോസിറ്റീവ് എനര്‍ജി കിട്ടാനുള്ള ഭാഗവും. ഇത് തമ്മില്‍ ഒരിക്കലും യോജിക്കില്ല. ആയതിനാല്‍ വീടിനുള്ളില്‍ പൂജാമുറി പണിയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൂജാമുറിയുടെ ദര്‍ശനം ഏത് ഭാഗത്തായിരിക്കണം? വീടിന്റെ നടുക്ക് പൂജാമുറി ഒരുക്കാമോ?
പൂജാമുറിയുടെ ദര്‍ശനം കിഴക്കോട്ടും പടിഞ്ഞാറോട്ടും വരുന്ന താണ് ഉത്തമം. പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള്‍ തൊഴുന്നത് കിഴക്കോട്ടുമായിരിക്കണം. വീടിന്റെ മദ്ധ്യഭാഗത്ത് പൂജാമുറി വരാതിരിക്കുന്നതാണ് നല്ലത്.
മാസ്റ്റര്‍ ബെഡ്‌റൂമിന്റെ സ്ഥാനം?
തെക്കുപടിഞ്ഞാറേ ഭാഗവും വടക്കുപടിഞ്ഞാറേ ഭാഗവും ഉത്തമമാണ്.
വീടിന്റെ പൂമുഖവാതിലിന്റെ പ്രാധാന്യം?
വീടിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ഭാഗമാണ് പൂമുഖ വാതില്‍. ഇതിന് എന്തെങ്കിലും അപാകത വന്നാല്‍ വീടിനെ ആകമാനം ബാധിക്കും. വീടിന്റെ മൂക്കാണ് പൂമുഖ വാതില്‍. ശ്വസനം ഇതുവഴിയാണ്. ഉച്ചം, നീചം എന്ന കണക്കില്‍ ഉച്ചസ്ഥാനത്താണ് പൂമുഖ വാതില്‍ സാധാരണ വയ്‌ക്കുന്നത്.
ഏതെല്ലാം അളവുകളില്‍ ബെഡ്‌റൂം പണിയാം?
പത്ത് പത്ത്, പത്ത് പതിനൊന്ന്, പന്ത്രണ്ട് പത്ത്, പതിനാല് പന്ത്രണ്ട്, പതിനാറ് പതിനാല് എന്നീ അളവുകളില്‍ പണിയാം.
നടുമുറ്റത്ത് ജലധാര വയ്‌ക്കാമോ?
വീടിന്റെ നടുമുറ്റത്ത് ജലധാര വയ്‌ക്കുന്നത് നന്നല്ല. അല്പം വടക്കുമാറി വയ്‌ക്കുന്നതില്‍ തെറ്റില്ല.
മുറ്റത്തുവീഴുന്ന വെള്ളത്തിന്റെ ഒഴുക്ക് ഏതു ഭാഗത്തേക്ക് വേണം?
വെള്ളത്തിന്റെ നീരൊഴുക്ക് ഒന്നുകില്‍ കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ടായിരിക്കണം. ഒരു കാരണവശാലും തെക്കോട്ടാകരുത്.
ഏതു ഭാഗത്താണ് താമര നടാന്‍ ടാങ്ക് കെട്ടേണ്ടത്?
വടക്കുകിഴക്ക് ഭാഗം ഉത്തമമാണ്.
അക്വേറിയത്തിന് നല്ല ഭാഗം ഏതാണ്?
വീടിനകത്ത് വടക്കുഭാഗം
പശുവിനെ കെട്ടുന്ന തൊഴുത്തിന്റെ സ്ഥാനം ഏതു ഭാഗത്താണ്?
പശുവിനെ കെട്ടുന്ന തൊഴുത്തിന്റെ സ്ഥാനം കിഴക്കുഭാഗത്താണ്. മറ്റു മൃഗങ്ങളെ വളര്‍ത്തേണ്ടത് വടക്കുപടിഞ്ഞാറ് ഭാഗത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക