കൊച്ചി: റിപ്പബ്ളിക് ദിനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജല്‍ജീവന്‍ മിഷനെയും ആസാദി കാ അമൃത് മഹോത്സവത്തെയും പരിഹസിച്ച് നാടകം കളിച്ച രണ്ട് ഹൈക്കോടതി ജീവനക്കാരെ സസ്പെന്റ് ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ. സുധീഷ്, കോര്‍ട്ട് കീപ്പര്‍ സുധീഷ് പി.എം. എന്നിവര്‍ക്കെതിരെയാണ് നടപടി.
ഈ നാടകം അരങ്ങേറാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി ഉത്തരവിട്ടിട്ടുണ്ട്.
വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ എന്ന നാടകം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളായ ആസാദി കാ അമൃത് മഹോത്സവത്തെയും ജല്‍ ജീവന് മിഷനെയും പരിഹസിക്കുന്നതാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും എറണാകുളം ലീഗല്‍ സെല്ലും പറഞ്ഞു. മോദിയുടെ വാക്കുകളെയും ശൈലിയെയും പരിഹസിക്കുന്ന രീതിയിലായിരുന്നു നാടകാവതരണം. ഹൈക്കോടതിയുടെ സര്‍വ്വീസ് നിയമം ലംഘിക്കുന്ന നാടകം അധിക്ഷേപപരമാണെന്നും ഈ സംഘടനകളുടെ ഭാരവാഹികള്‍ പരഞ്ഞു. ഈ സംഘടനകള്‍ സുപ്രീംകോടതിയ്ക്കും ഹൈക്കോടതിയ്ക്കും കേന്ദ്ര നിയമമന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
രണ്ടു ജീവനക്കാരെയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതായി കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ പറഞ്ഞു. ഹൈക്കോടതി ഓഡിറ്റോറിയത്തിലായിരുന്നു നാടകം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: