ബെംഗളൂരു: പഞ്ചായത്തിന്റെ കൊടിമരത്തില്‍ നിന്ന് ഹനുമാന്റെ ഛായാചിത്രം ആലേഖനം ചെയ്ത കൊടികള്‍ (ഹനുമാന് പതാക) നീക്കം ചെയ്ത് ദേശീയ പതാക സ്ഥാപിച്ചതിനെ തുടര്‍ന്ന് മാണ്ഡ്യയിലെ കേരഗോഡു ഗ്രാമത്തില്‍ സംഘര്‍ഷം.
ഞായറാഴ്ചയാണ് 108 അടി ഉയരമുള്ള കൊടിമരത്തില്‍ നിന്ന് ഹനുമധ്വജ എന്നെഴുതിയ കൊടികള്‍ ജില്ലാ അധികാരികള്‍ നീക്കം ചെയ്തത്. പിന്നാലെ ഒരു വിഭാഗം നാട്ടുകാരും പ്രാദേശിക അധികാരികളും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രതിഷേധക്കാരെഒഴിപ്പിച്ചത്.
ഹനുമധ്വജയ്ക്ക് പകരം ദേശീയ പതാക സ്ഥാപിച്ചതിനെതിരെ ബി.ജെ.പി, ജെ.ഡി(എസ്) ബജ്രംഗ്ദള് തുടങ്ങിയ രാഷ്ട്രീയ സംഘടനകളോടൊപ്പം കേരഗോഡു ഗ്രാമത്തിലെ ഏതാനും താമസക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. പതാക നീക്കം ചെയ്യുമെന്ന് നേരത്തെ ഗ്രാമവാസികളെ അറിയിച്ചിരുന്നെന്നും നടപടികള്‍ക്കിടയില്‍ പോലീസുമായി പ്രതിഷേധക്കാര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
നീക്കം ചെയ്യപ്പെട്ട കൊടിമരം സ്ഥാപിക്കുന്നതിന് ബി.ജെ.പി, ജെ.ഡി(എസ്) പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി കേരഗോഡുവിലെയും 12 സമീപ ഗ്രാമങ്ങളിലെയും ആളുകളും ഏതാനും സംഘടനകളും ധനസഹായം നല്‍കിയതായും പോലീസ് വ്യക്തമാക്കി.ഹനുമാന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന കാവി പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി ഏതാനും വ്യക്തികള്‍ തദ്ദേശീയഅധികാരികള്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ പതാക നീക്കം ചെയ്യാന്‍ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കൊടിമരത്തിന്റെ സ്ഥാനം പഞ്ചായത്തിന്റെ അധീനതയിലാണെന്നും റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുമതി ലഭിച്ചിരുന്നെന്നും മാണ്ഡ്യജില്ലാ ചുമതലയുള്ള മന്ത്രിഎന്. ചെലുവരയ്യസ്വാമി വ്യക്തമാക്കി. കൊടിമരം നീക്കം ചെയ്തതിന് ഗ്രാമത്തിലെയും ചുറ്റുമുള്ള ഗ്രാമങ്ങളിലെയും ജനങ്ങളും ബിജെപി, ജെഡി(എസ്), ഭജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എന്നിവരും ജില്ലാ ഭരണകൂടത്തിനെതിരെപ്രതിഷേധിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഗ്രാമത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: