ദ്രാവിഡാര്‍ കഴകം നേതാവായ ഉമ ഇലക്കിയ സ്റ്റാലിനൊപ്പം. ഡിഎംകെയുടെ ഒരു മുഖപ്രസിദ്ധീകരണത്തിന്റെ പ്രചാരക കൂടിയാണ് ഉമ ഇലക്കിയ.
ന്യൂദല്‍ഹി: ശ്രീരാമന്‍ എന്ന മര്യാദപുരുഷനെ നുണകള്‍ വിളമ്പി ചേറില്‍ താഴ്ത്താനുള്ള കഠിനശ്രമത്തിലാണ് തമിഴ്നാട്ടിലെ ദ്രാവിഡപാര്‍ട്ടിക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും. തൃശൂര്‍ എംഎല്‍എയായ പി. ബാലചന്ദ്രന്‍ തന്റെ സമൂഹമാധ്യമപേജില്‍ കുറിച്ച കഥയുടെ ഷോക്കില്‍ നിന്നും ഇനിയും ശ്രീരാമഭക്തര്‍ മോചിതരമായിട്ടില്ല.
ശ്രീരാമന് കാലില്‍ ആണിയുണ്ടെന്നും പതിവായി മാംസം കഴിക്കുന്ന വ്യക്തിയാണെന്നും വരുത്തിതീര്‍ക്കുകയായിരുന്നു തന്റെ പോസ്റ്റിലൂടെ തൃശൂര്‍ എംഎല്‍എ ചെയ്തത്. എന്നാല്‍ സിപിഐ എംഎല്‍എയെ തള്ളിപ്പറയുകയും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജനവരി 31ന് പാര്‍ട്ടിയുടെ ജില്ലാ യോഗം വിളിച്ചിരിക്കുകയുമാണ്.
തമിഴ്നാട്ടിലും ദ്രാവിഡ കക്ഷിയില്‍പ്പെട്ട നേതാക്കള്‍ ഇതുപോലുള്ള നുണകള്‍ തന്നെയാണ് ശ്രീരാമനെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. തന്റെ അന്തപുരത്തില്‍ ആയിരക്കണക്കിന് സ്ത്രീകളെ വെച്ച് ആസ്വദിക്കുന്ന രാജാവായിരുന്നു രാമന്‍ എന്നാണ് ദ്രാവിഡാര്‍ കഴകം (ഡികെ) എന്ന ദ്രാവിഡപാര്‍ട്ടിയുടെ നേതാവ് ഉമ ഇലക്കിയ പ്രസംഗിച്ചത്.
ഉമ ഇലക്കിയയുടെ പ്രസംഗം കേള്‍ക്കൂ:
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി അടുപ്പമുള്ള നേതാവ് കൂടിയാണ് ഉമ ഇലക്കിയ. ഡിഎംകെയുടെ കലൈഞ്ജര്‍ ചെയ്തികള്‍ എന്ന മുഖപ്രസിദ്ധീകരണത്തിന്റെ പ്രചാരക കൂടിയാണ് ഉമ ഇലക്കിയ. രാമന്‍ കുടിയനായിരുന്നെന്നും സ്ത്രീലമ്പടനായിരുന്നെന്നും കൊലപാതകിയായിരുന്നെന്നും ഭീരുവായതിനാല്‍ ഒടുവില്‍ സരയൂ നദിയില്‍ മുങ്ങിമരിക്കുകയായിരുന്നെന്നും ഉമ ഇലക്കിയ തന്റെ പ്രസംഗത്തിലൂടെ തമിഴ്നാട്ടിലെങ്ങും പ്രചരിപ്പിക്കുകയാണ്.
ഉമയുടെ വിവാദപ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതോടെ ഉമ ഇലക്കിയയും സ്റ്റാലിനും വേദി പങ്കിടുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയതോടെ ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയാണ്. ഇതാണ് ദ്രാവിഡ പാര്‍ട്ടികളിലും കമ്മ്യൂണിസ്റ്റുകാര്‍ക്കിടയിലും ശ്രീരാമനെതിരെ പ്രചാരണം കടുപ്പിക്കാന്‍ പ്രേരണയായത്. ശ്രീരാമനെ സ്വഭാവഹത്യ ചെയ്യുന്നതിലൂടെ ഹിന്ദുക്കളായവരെ ബിജെപിയിലേക്ക് ഒഴുകുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തുക എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക