അറ്റ്ലാന്റ: അമേരിക്കയിൽ എംബിഎ ബിരുദം നേടിയ ഇന്ത്യൻ വിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെട്ടു. ജോർജിയയിൽ ഒരു കൺവീനിയൻസ് സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിവേക് സൈനി (25)യാണ് കൊല്ലപ്പെട്ടത്. ജോർജിയ സ്റ്റേറ്റിലെ ലിത്തോണിയ നഗരത്തിൽ ഭവന രഹിതനായ ജൂലിയൻ ഫോക്‌നറാണ് ക്രൂരതയ്‌ക്ക് പിന്നിൽ. ഇയാൾ അമ്പതോളം തവണ ചുറ്റിക കൊണ്ട് വിവേകിന്റെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സ്റ്റോറിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മയക്കു മരുന്നിന് അടിമയാണ് ജൂലിയൻ ഫോക്‌നർ. താമസ സൗകര്യം ഇല്ലാത്ത ഇയാളെ കഴിഞ്ഞ രണ്ടു ദിവസമായി വിവേകും സ്റ്റോറിലെ മറ്റ് ജീവനക്കാരും ചേർന്ന് സഹായിച്ചിരുന്നു. 53 കാരനായ ജൂലിയൻ ഫോക്ക്നർക്ക് ഭക്ഷണവും വെള്ളവും നൽകുകയും സ്റ്റോറിൽ ഇരിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം അയാൾക്ക് സഹായങ്ങൾ നൽകി. ‘അയാൾ ഒരു പുതപ്പ് കിട്ടുമോ എന്ന് ചോദിച്ചു, പുതപ്പുകൾ ഇല്ലെന്ന് ഞാൻ പറഞ്ഞു. പകരം ഒരു ജാക്കറ്റ് നൽകി. അയാൾ സിഗരറ്റും വെള്ളവും എല്ലാം ചോദിച്ച് അകത്തും പുറത്തും നടക്കുകയായിരുന്നു,’ സ്റ്റോറിലെ ഒരു ജീവനക്കാരൻ പറഞ്ഞു.
കൊടും ശൈത്യമാണെന്ന് ഞങ്ങൾക്കറിയാവുന്നതിനാൽ ഞങ്ങൾ അയാളോട് പുറത്തിറങ്ങാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം രാത്രി സൈനി, ഫോക്ക്നറോട് സ്ഥലം വിടാൻ പറഞ്ഞതായി ഡബ്ല്യുഎസ്ബി-ടിവി റിപ്പോർട്ട് ചെയ്തു. പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നും പറഞ്ഞു. അതിനു ശേഷം സെയ്‌നി വീട്ടിലേക്ക് പോകുമ്പോൾ പുറകെ ചെന്ന ഫോക്‌നർ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
‘ആദ്യം പുറകിൽ നിന്ന് അടിച്ചു. തുടർന്ന് മുഖത്തും തലയിലും ഏകദേശം 50 തവണ അടിച്ചു. പോലീസ് എത്തുമ്പോഴും ഫോക്ക്നർ ചുറ്റികയും പിടിച്ച് ഇരയുടെ മുകളിൽ നിൽക്കുകയായിരുന്നു. ചുറ്റിക താഴെയിടാൻ പോലീസ് നിർദ്ദേശം നൽകി. അതയാൾ അനുസരിച്ചു. കൊലപാതകം, സ്വത്ത് കൈകടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഫോക്‌നറീ ജയിലിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: