ആര്.ഗോപകുമാര്‍
നെടുമങ്ങാട്: നാടന്‍കലകള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഫോക്ലോര് കലാകാരി പ്രബലകുമാരി (65) അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. കേരള ഫോക്ലോര് അക്കാദമി അവാര്‍ഡും കേരള സംഗീത നാടക അക്കാദമി അവാര്‍ഡും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ക്യാഷ് അവാര്‍ഡും ഉള്‍പ്പെടെ എണ്ണമറ്റ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ അന്തരിച്ച ആട്ടുകാല്‍ കഴക്കുന്ന് വീട്ടില്‍ ഭാനു ആശാന്റെയും വാസന്തിയുടെയും മകള്‍ വി. പ്രബലകുമാരിക്കാണ് 2022 ലെ കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ്.
13-ാം വയസ്സില്‍ തുടങ്ങിയ കലാജീവിതത്തില്‍ വിദേശികളടക്കം നൂറുക്കണക്കിന് ശിഷ്യരെ സമ്പാദിച്ച ആശാനായ അച്ഛന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കുകയായിരുന്നു മകള്‍. ഈ കലാരൂപം ജനകീയമാക്കാന്‍ സ്വന്തം പഞ്ചായത്തായ പനവൂരില്‍ നാലു സ്കൂളുകളിലെ കുട്ടികള്‍ക്ക് മൂന്നു വര്‍ഷമായി പ്രബലകുമാരി പരിശീലനം നല്കുന്നു. കേരളത്തിനകത്തും പുറത്തുമായി എണ്ണമറ്റ വേദികളില്‍ ചരടുപിന്നിക്കളി അവതരിപ്പിച്ചു. കാലങ്ങള്‍ എത്ര കടന്നുപോയാലും ഭാനു ആശാന് തുടങ്ങിവച്ച തനതുകലകള്ക്ക് മരണമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് 65-ാം വയസിലും ആട്ടുകാല്‍ പ്രസൂദത്തില് പ്രബലകുമാരിയെ അവാര്‍ഡ് തേടിയെത്തിയത്.
കാളിന്ദീ തീരത്ത് ഗോപികമാര്‍ ഉണ്ണിക്കണ്ണനുമൊത്ത് നടത്തിയിരുന്ന ആനന്ദനൃത്തമാണ് ചരടുപിന്നിക്കളിയുടെ ഇതിവൃത്തം. ‘ചരടുപിന്നിക്കളി’ എന്ന നൃത്തരൂപത്തിലൂടെ കൃഷ്ണനാട്ടത്തിന് പുതിയ രൂപഭാവങ്ങള്‍ പകര്‍ന്നേകി. ചരടുപിന്നിക്കളി, കമ്പടവ് കളി, കോലാട്ടക്കളി, മൊന്തയും താലവുമേന്തി കളി, കാക്കാരിശ്ശി നാടകം തുടങ്ങി വൈവിധ്യങ്ങളായ കലാരൂപങ്ങളാണ് ഇവരെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 28 കൊല്ലമായി ഗുരുകൃപ നാടന്‍ കലാപഠനകേന്ദ്രം എന്ന സ്ഥാപനം നെടുമങ്ങാട് ചുള്ളിമാനൂര്‍ ആട്ടുകാലില്‍ നടത്തുന്നു. ദരിദ്രമായ ചുറ്റുപാടിലും ഗുരുകൃപ എന്ന നാടന്‍ കലാകേന്ദ്രം സ്ഥാപിച്ച് അനേകം പ്രതിഭകള്‍ക്ക് ഉപജീവനത്തിന് വഴിയൊരുക്കി. മൂന്ന് പതിറ്റാണ്ടിനിടെ ഇവിടെ നിന്നു പരിശീലനം സിദ്ധിച്ച് അരങ്ങില്‍ ചുവടുവച്ച കലാകാരന്മാരും കലാകാരികളും അയ്യായിരത്തിലേറെ. തനതു കലകളെ സംരക്ഷിക്കാന്‍ ഒരു സംഘം യുവപ്രതിഭകളാണ് ഇപ്പോള്‍ ഗുരുകൃപയുടെ അമരത്ത്. അച്ഛന്റെ വിയോഗത്തോടെ മകള്‍ പ്രബലകുമാരിയും ഭര്‍ത്താവ് സി. സുരേന്ദ്രന് ഇരിയനാടും ചേര്‍ന്ന് ഗുരുകൃപയെ പരിപാലിക്കുന്നു. ശാന്തിഗിരി, ഗുരുകാന്തി വിദ്യാഭവന് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തുന്നു.
മക്കള്‍: രാംജിത്ത് (ഫെലോഷിപ്പ് ജേതാവ്), പ്രസൂദ് വജ്രജൂബിലി കലാകാരനും വട്ടിയൂര്‍ക്കാവ് പരിസ്ഥിതി ഗവേഷണ കേന്ദ്രം റിസര്‍ച്ച് ഫെലോയും ആയി ജോലിനോക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: