തിരുവനന്തപുരം: പായലും ചെളിയും മൂടി അപകടക്കെണിയൊരുക്കി വെള്ളായണിക്കായല്‍. കുളിക്കാനിറങ്ങുന്നവരെ ആഴത്തിലൊളിപ്പിച്ച ചെളിക്കെട്ടില്‍ പുതയ്‌ക്കുന്നതൊഴിവാക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചത്. എല്ലാം ജലരേഖയായി മാറുന്നതാണ് കഴിഞ്ഞദിവസം കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികളുടെ മരണത്തിന് വഴിവച്ചത്. 19 ഉം 20 വയസുള്ള ബിബിഎ വിദ്യാര്‍ഥികളായ മൂന്ന് യുവാക്കള്‍ക്കാണ് കായലിലെ ചെളിക്കെട്ടില്‍ പുതഞ്ഞ് നഷ്ടമായത്.
വെളളിയാഴ്ച ഉച്ചയ്‌ക്ക് 2.30 ഓടെ വവ്വാമ്മൂല കടവിലായിരുന്നു അപകടം. വിഴിഞ്ഞം മുക്കോല കടയ്‌ക്കുളം വാറുതട്ടുവിള വീട്ടില്‍ ലാസര്‍സ്‌റ്റെല്ല ദമ്പതികളുടെ മകന്‍ ലിബ്‌നോ (20), വെട്ടുകാട് തൈവിളാകം ഹൗസില്‍ ടിസി 33/396 ല്‍ ഫ്രാന്‍സിസിന്റെയും മേരിസുമയുടെയും മകന്‍ ഫെര്‍ഡിനാന്‍ (19), മണക്കാട് കുര്യാത്തി എന്‍എസ്എസ് കരയോഗത്തിന് സമീപം ടിസി 41/1079 ല്‍ കവിതയില്‍ സുരേഷ്‌കുമാര്‍ കവിതാറാണി ദമ്പതികളുടെ മകന്‍ മുകുന്ദന്‍ ഉണ്ണി (20) എന്നിവരാണ് മരിച്ചത്.
കൂട്ടത്തിലുണ്ടായിരുന്ന പൊഴിയൂര്‍ സ്വദേശി സൂരജ് രക്ഷപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായിരുന്നു ഇവര്‍.
രണ്ട് ഇരുചക്ര വാഹനങ്ങളിലായി നാലുപേരാണ് കടവില്‍ കുളിക്കാനെത്തിയത്. കായലില്‍ നീന്തവെ മൂന്നുപേര്‍ കായലില്‍ മുങ്ങിത്താഴുകയായിരുന്നു. പലേടത്തും മണലെടുപ്പുകാര്‍ വലിയ കുഴികളും തീര്‍ത്തിട്ടുള്ളതും അപകടകരമാണ്.
കായല്‍ അപകടകാരിയാകുന്നത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ സംരക്ഷണ നടപടികളില്ലാതെ ചെളി നിറയുന്നതിനാലാണെന്ന് നാട്ടുകാര്‍ പറയുന്നു. 450 ഏക്കര്‍ വിസ്തീര്‍ണമുള്ള കായല്‍ വെങ്ങാനൂര്‍, കല്ലിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ്. 2021 നവംബറില്‍ കായല്‍ നവീകരണത്തിന് 96.5 കോടി രൂപയ്‌ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. കായലിന്റെ ആഴം കൂട്ടാനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനുമായിരുന്നു തുക അനുവദിച്ചത്. ഇതുപ്രകാരം കായലില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യും. കായലിന്റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നത് തടയാന്‍ കരിങ്കല്‍ ഭിത്തി കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കും, കാക്കമൂലയിലും വവ്വാമൂലയിലും വേര്‍പിരിയുന്ന കായല്‍ പരസ്പരം ബന്ധിപ്പിക്കും, വെള്ളായണിക്കായലിന്റെ പ്രധാന ശ്രോതസുകളായ 64 കൈത്തോടുകള്‍ കണ്ടെത്തി പുനരുജ്ജീവിപ്പിക്കും എന്നെല്ലാമായിരുന്നു വാഗ്ദാനം.
കന്നുകാലിച്ചാല്‍-പള്ളിച്ചല്‍ തോട് തുടങ്ങുന്ന ഭാഗത്ത് ലോക് കം ഷട്ടര്‍ സ്ഥാപിക്കുമെന്നും കായല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് കായലിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണയിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. കായല്‍ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കായല്‍ സംരക്ഷണസമിതി സര്‍ക്കാരിന് പലതവണ നിവേദനങ്ങള്‍ നല്‍കുകയുമുണ്ടായി. എന്നാല്‍ പ്രഖ്യാപിച്ച നടപടികള്‍പോലും പേരിലൊതുങ്ങി കായല്‍ മരണക്കെണിയായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: