കോട്ട: കുറ്റാരോപിതരായ ജീവനക്കാരുടെ അനധികൃത സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ പഞ്ചായത്ത് രാജ് മന്ത്രി മദൻ ദിലാവർ. ഞായറാഴ്ചയാണ് അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകിയത്. കോട്ടയിൽ നടന്ന ഔദ്യോഗിക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത സ്വത്ത് സമ്പാദിച്ചതിന് സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്യുമെന്ന് ദിലാവർ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ അനധികൃത സ്വത്തുക്കളും ബുൾഡോസർ ഉപയോഗിച്ച് പൊളിക്കും. അഴിമതിക്കും പെരുമാറ്റ ദൂഷ്യത്തിനും കേസെടുത്തെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ ഇതുവരെ നടപടികളിൽ നിന്ന് രക്ഷപ്പെട്ട സർക്കാർ ജീവനക്കാരെ കണ്ടെത്താൻ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം രാംഗഞ്ച് മാണ്ഡിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ, സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്തു സമ്പാദിച്ചതിനെക്കുറിച്ച് മന്ത്രി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് വിവിധ സാധനങ്ങളും സാമഗ്രികളും വാങ്ങിയത് അവലോകനം ചെയ്യാനും അന്യായമായ വിലയ്‌ക്ക് അത്തരം വാങ്ങലുകൾ നടത്തിയ കേസുകളിൽ നടപടിയെടുക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: