ന്യൂദല്‍ഹി: കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കനത്ത തിരിച്ചടിയായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്.
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് എൻഡിഎ നിയമസഭാ കക്ഷി യോഗം ചേരും. ഇതിൽ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. വൈകീട്ട് നാല് മണിയോടെയാകും നിതീഷ് കുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഒപ്പം ബിജെപിയുടെ രണ്ടു നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേല്‍ക്കും. ഇതോടെ ഒരിടവേളയ്‌ക്കു ശേഷം ബീഹാറില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ ഭരണമേല്‍ക്കും.
രാജിക്കത്ത് കൈമാറിയതിന് പിന്നാലെ നിതീഷ് കുമാറിനെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 243 അംഗ നിയമസഭയിൽ നിലവിൽ ആർജെഡിയുടെ 79 എംഎൽഎമാരാണ് ഉള്ളത്. ബിജെപിയ്‌ക്ക് 78 എംഎൽഎമാരുമാണ് ഉള്ളത്. ജെഡിയുവിന് 45 എംഎൽഎമാർ ഉണ്ട്. കോൺഗ്രസിന് 19 എംഎൽഎമാരാണ് ഉള്ളത്. നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി.
ഒന്നും ശരിയല്ലാത്ത കാരണത്താലാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന് നിതീഷ് കുമാർ പറഞ്ഞു. താൻ എല്ലാവരുമായി ചേർന്നും വിഷയം ചർച്ച ചെയ്തു. എല്ലാവരെയും കേട്ടു. ഇതിന് ശേഷം സർക്കാർ പിരിച്ച് വിടാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് മഹാഘഡ്ബന്ധൻ സഖ്യത്തിനൊപ്പം നീങ്ങാനാണ് സർക്കാർ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദവും ജനങ്ങളുടെ പൊതുവികാരവും നിതീഷിന്റെ മടങ്ങി വരവിനു വഴിവച്ചു. പ്രശ്ന പരിഹാരത്തിനായി സോണിയ ഗാന്ധിയും ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വിളിച്ചെങ്കിലും നിതീഷ്‌കുമാര്‍ സംസാരിക്കാന്‍ തയ്യാറായില്ല. ലാലു പ്രസാദ് യാദവ് അടക്കമുള്ളവരും വിളിച്ചെങ്കിലും നിതീഷ് അവരോടും സംസാരിച്ചില്ല. ഇതോടെ സഖ്യം അവസാനിച്ചെന്നു ബോധ്യപ്പെട്ട ഇന്‍ഡി സഖ്യം പരിഹാസ്യരായി.
രണ്ടുതവണ മുന്നണി വിട്ട നിതീഷിനെ തിരികെയെത്തിക്കുന്നതിനെ സൂക്ഷ്മതയോടെയാണ് നേതൃത്വം കൈകാര്യം ചെയ്തത്. ബീഹാറിലെ ജനത എന്‍ഡിഎ സഖ്യത്തിനാണ് വോട്ട് ചെയ്തതെന്നും തെറ്റു തിരുത്തി ജെഡിയു മടങ്ങിയെത്തുന്നതില്‍ സന്തോഷമാണെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: