കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഹൈക്കോടതിയില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളേയും അവഹേളിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ സൂത്രധാരകര്ക്കെതിരെയും നടപടികള്‍ സ്വീകരിക്കണമെന്നു ഭാരതീയ അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ ഔദ്യോഗിക പരിപാടികളില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടികളുടെ സ്ക്രിപ്റ്റ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ മുന്‍കൂട്ടി പരിശോധനയ്ക്ക് വിധേയമാണെന്നിരിക്കെ ചില ബലിയാടുകളെ സൃഷ്ടിച്ച് കൈ കഴുകാനുള്ള ഉത്തരവാദപ്പെട്ടവരുടെ ശ്രമത്തില്‍ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു.
സ്ക്രിപ്റ്റ് എഴുതിയ ആളും അംഗീകരിച്ചവരും അവതരിപ്പിച്ചവരും ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണ്. ചീഫ് ജസ്റ്റീസ് വേദി വിട്ട ശേഷം അരങ്ങേറിയ ആഭാസത്തിനു സാക്ഷ്യംവഹിച്ച ഉത്തരവാദപ്പെട്ടവര്‍ അഭിഭാഷക പരിഷത്തിന്റെ പരാതി ലഭിക്കുന്നത് വരെ സ്വമേധയാ നടപടികള്‍ സ്വീകരിക്കാതെ മൗനം
പാലിച്ചത് വഴി തങ്ങളുടെ അറിവോടു കൂടിയാണ് പ്രധാനമന്ത്രിയെ ആക്ഷേപിച്ച പരിപാടി അരങ്ങേറിയതെന്ന് സമ്മതിക്കുകയാണ്.
ഔദ്യോഗിക പരിപാടികളില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ സ്ക്രിപ്റ്റ് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ള കമ്മിറ്റി പരിശോധിക്കണമെന്നിരിക്കെ നിസഹായരായ ജീവനക്കാരെ മാത്രം പഴിചാരിയും അവര്‍ക്കെതിരെ മാത്രം നടപടിയെടുത്തും ഉത്തരവാദിത്തത്തില്‍ നിന്നും തലയൂരാനുള്ള ശ്രമം അനുവദിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അവഹേളിക്കാന്‍ ഹൈക്കോടതി പരിപാടികള്‍ ദുരുപയോഗം ചെയ്തവര്‍ മുഴുവന്‍ കുറ്റക്കാരാണ്.
ഇതുമായി ബന്ധപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷത്ത് ഇതിനകം കേന്ദ്ര നിയമമന്ത്രാലയത്തിനും സുപ്രീം കോടതിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി നല്‍കിയിട്ടുണ്ട്. സ്കിറ്റില്‍ പങ്കെടുത്ത മുഴുവന്‍ ജീവനക്കാര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും, പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായിരുന്നവരെ മാറ്റിനിര്‍ത്തി പ്രോഗ്രാം കമ്മിറ്റി മനഃപൂര്‍വം വീഴ്ചവരുത്തിയതാണോ എന്നന്വേഷിച്ച് കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ മുഴുവന്‍ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: