പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 4 ന് ബീഹാറിൽ നടക്കുന്ന മഹാറാലിയിൽ ഇരുവരും പങ്കെടുക്കുമെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ബിഹാറിൽ ആർജെഡിയും കോൺഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാർ ബിജെപിയുമായി വീണ്ടും സഹകരിച്ചേക്കുമെന്ന പറച്ചിലിന് ആക്കം കൂട്ടുന്നതാണ് ഈ റിപ്പോർട്ട്.
അതേ സമയം നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതിന് ബിജെപിക്ക് ബുദ്ധിമുട്ടില്ലാത്ത സാഹചര്യമാണുള്ളത്. അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തിന് സാധ്യതയുണ്ടെന്ന് ഒരു ഇൻ്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.
ഇതിനു പുറമെ രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ്’ യാത്രയിൽ നിതീഷ് കുമാർ പങ്കെടുക്കില്ലെന്നാണ് വിവരം. കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ വഴി നിതീഷ് കുമാറിനെ കോൺഗ്രസ് ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും ജനുവരി 30-ന് ബിഹാറിൽ പ്രവേശിക്കുന്ന യാത്രയിൽ നിതീഷ് പങ്കാളിയാകില്ലെന്നാണ് സൂചന.
ഇത്തരം രാഷ്ട്രീയ ചുവടുവയ്പുകൾ ഇന്ത്യ മുന്നണിയെ പിടിച്ചുലക്കുന്നുണ്ട്. ബീഹാറിന്റെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യ മുന്നണിയിൽ നിന്ന് മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: