(കൃഷ്ണാര്‍ജുന സംവാദം തുടര്‍ച്ച)
അങ്ങ് ഇപ്പോള്‍ കര്‍മ്മയോഗത്തില്‍ കാമത്തിന്റെ/കാമനയുടെ നാശത്തിനായി പ്രേരണ നല്കിയല്ലോ, ആ കര്‍മ്മ യോഗത്തിന്റെ പരമ്പര എന്താണ്?
ശ്രീഭഗവാന്‍ അരുളിച്ചെയ്തു: നാശമില്ലാത്ത ഈ യോഗത്തെ സ്വയം ഞാന്‍ പണ്ട് സൂര്യന് ഉപദേശിച്ചു. സൂര്യന് സ്വപുത്രനായ വൈവസ്വതമനുവിനോടു പറഞ്ഞു. മനു തന്റെ പുത്രനും രാജാവുമായ ഇക്ഷ്വാകുവിനോടും പറഞ്ഞു.
ശത്രുഭീഷണനായ അര്‍ജുന! ഇപ്രകാരം പരമ്പരയായി ഉപദേശിക്കപ്പെട്ട ഈ യോഗം രാജര്‍ഷികള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, കാലവശാല്‍ ഈ യോഗം ലോകത്തിന് നഷ്ടപ്പെട്ടുപോയി. നീ എന്റെ ഭക്തനും സ്നേഹിതനുമാകയാല് പുരാതനമായ ആ യോഗം തന്നെ നിനക്ക് ഇപ്പോള്‍ ഞാന്‍ ഉപദേശിച്ചു. എന്തുകൊണ്ടെന്നാല്‍, ഇത് രഹസ്യവും ശ്രേഷ്ഠവുമാകുന്നു.
അര്ജ്ജുനന് പറഞ്ഞു: അങ്ങയുടെ ജനനം പിന്നീട് സംഭവിച്ചത്; സൂര്യന്റെ ജനനം മുമ്പ് സംഭവിച്ചത്. അതിനാല്‍, അങ്ങ് കല്പാരംഭത്തില് സൂര്യന് ഈ യോഗത്തെ ഉപദേശിച്ചു എന്നു പറഞ്ഞത് ഞാന്‍ എങ്ങനെ മനസ്സിലാക്കണം?
ഭഗവാന് അരുളിച്ചെയ്തു: പരന്തപനായ അര്‍ജ്ജുന! എന്റെ അനേകം ജന്മങ്ങള് കഴിഞ്ഞുപോയിട്ടുണ്ട്; അതുപോലെ നിന്റെയും. അവയെല്ലാം ഞാനറിയുന്നു. നീയാകട്ടെ, അവയെ അറിയുന്നില്ല.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: