ന്യൂദല്‍ഹി: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രമുയര്‍ന്നതിന്റെ നിരാശയില്‍ ആക്രമണഭീഷണിയുമായി പാക് പിന്തുണയുള്ള ഭീകരര്‍. വീഡിയോ സന്ദേശങ്ങളിലൂടെയാണ് ഭീഷണി.
ഭാരതത്തില്‍ നിന്നുള്ള ഭീകരന്‍ ഫര്‍ഹത്തുള്ള ഘോറിയും ലഷ്‌കര്‍ ഇ തൊയ്ബയുടെ ഓഫ്ഷൂട്ട് ദ റസിസ്റ്റന്‍സ് ഫ്രണ്ടുമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പൈശാചികമെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയില്‍ പ്രതികാരം ചെയ്യണമെന്ന ആഹ്വാനവുമുണ്ട്. രാം മന്ദിര്‍: ഒരു യുദ്ധ പ്രഖ്യാപനമെന്ന പേരിലാണ് ഫര്‍ഹത്തുള്ള ഘോറിയുടെ വീഡിയോ. ഭാരതത്തെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുകയാണ് ഇതില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാമക്ഷേത്രത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും നൂപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡലിന്റെയും ചിത്രങ്ങളും ഘോറിയുടെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുവര്‍ഷമായി പ്രവര്‍ത്തന രഹിതമായി കിടന്ന, ഭീകരരുടെ ചാറ്റ് ഗ്രൂപ്പുകള്‍ അടുത്തിടെ സജീവമായതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.
2002ല്‍ ഗുജറാത്തിലെ ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കാളിയാണ് ഫര്‍ഹത്തുള്ള ഘോറി. ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെ പല ഭീകര സംഘടനകളിലെയും പ്രധാനിയാണ്. നിലവില്‍ പാകിസ്ഥാനിലാണ് ഇയാള്‍. യുഎപിഎ പ്രകാരം 2020 ഒക്ടോബറില്‍ ഘോറിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു.
അതേസമയം പാകിസ്ഥാനിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി. ഭാരതത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം രാജ്യത്തിലെ ക്ഷേത്രങ്ങള്‍ ലക്ഷ്യമിടാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. പാകിസ്ഥാനിലെ യുട്യൂബര്‍ നിമ്ര അഹമ്മദിന്റെ ചാനലിലൂടെയാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ പാകിസ്ഥാന്‍ എല്ലാ ഭാഗത്തുനിന്നും എതിര്‍ക്കുമെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: