ദുബായ്: പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 7, ബുധനാഴ്ച മുതൽ ആരംഭിക്കും. 18 വരെയാണ് ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ വർണോത്സവം ഇത്തവണ ഷാർജയിൽ 12 ഇടങ്ങളിലായാണ് ഒരുക്കുന്നത്. യൂണിവേഴ്സിറ്റി സിറ്റി ഹാൾ ബിൽഡിങ്ങിന് മുൻപിലാണ് ലൈറ്റ് വില്ലേജ് ഒരുക്കുന്നത്.
ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ലൈറ്റ് വില്ലേജിലേക്ക് ഫെബ്രുവരി 1 മുതൽ 18 വരെ പ്രവേശനം അനുവദിക്കുന്നതാണ്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആസ്വദിക്കാനാകുന്ന രീതിയിലായിരിക്കും ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന ഇടങ്ങളെ അണിയിച്ചൊരുക്കുന്നത്. ഞായർ മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 11 മണിവരെയും, വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 12 മണിവരെയും ഈ ദീപാലങ്കാരകാഴ്ചകൾ ആസ്വദിക്കാവുന്നതാണ്.
അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തരായ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ ഇത്തവണ പ്രകാശാലങ്കാരങ്ങൾ, സംഗീതപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: