പരസ്യചിത്രത്തിൽ കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ചെന്ന പരാതിയെ തുടർന്ന് പരസ്യം പിൻവലിച്ച് വിദേശ വസ്ത്ര ബ്രാൻഡായ എച്ച് & എം. പരസ്യത്തിൽ കറുപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് വിഷമത്തോടെ നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ് കാണിച്ചിരിക്കുന്നത്.
പരസ്യ ചിത്രത്തിന് നൽകിയിരിക്കുന്ന ഹാഷ്ടാഗും ക്യാപ്ഷനുമാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ‘എച്ച് & എമ്മിന്റെ സ്കൂൾ ഫാഷനിലൂടെ എല്ലാവരും നിങ്ങളെ നോക്കട്ട…’ എന്നാണ് സ്വീഡിഷ് വസ്ത്ര നിർമ്മാണ കമ്പനി നൽകിയിരിക്കുന്ന ക്യാപ്ഷൻ.ചിത്രത്തിലെ ഫോട്ടോയും ക്യാപ്ഷനും ശരിയായ തരത്തിലല്ല കമ്പനി ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഉപഭോക്താക്കൾ ഒന്നടങ്കം പറയുന്നത്. നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് വന്നത്.
വിഷയം വൻ ചർച്ചയായതോടെ പരസ്യം നീക്കം ചെയ്ത് ക്ഷമാപണം നടത്തിയിരിക്കുകയാണ് കമ്പനി. ഞങ്ങൾ ഈ പരസ്യം നീക്കം ചെയ്‌തു, ഈ വിഷയത്തിൽ അഗാധമായി ഖേദം പ്രകടിപ്പിക്കുന്നു. ഇനിയുള്ള പരസ്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് മുന്നിൽ എങ്ങനെ അവതരിപ്പിക്കണമെന്ന് നല്ലതുപോലെ ചിന്തിക്കും എന്നായിരുന്നു എച്ച് & എമ്മിന്റെ പ്രസ്താവനയിൽ പറയുന്നത്.
കമ്പനി പരസ്യം പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും ഇത്തരത്തിലെ പരസ്യങ്ങൾ ചിത്രീകരിക്കുന്നതിന് മുമ്പ് ചിന്തിക്കണമെന്നായിരുന്നു ഉപഭോക്താക്കളിൽ ചിലർ പറഞ്ഞത്. കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ ആളുകളുടെ തല അവരുടെ നേർക്ക് തിരിയുന്നത് നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: