അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിനായി തുറന്നു കൊടുത്തതിന് പിന്നാലെ വന്‍ ഭക്തജനത്തിരക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ദര്‍ശനം നടത്തുന്നതിനായി എത്തുന്നത്. ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്ന ഭക്തരുടെ നീണ്ട നിരയാണ് ക്ഷേത്രത്തിന് മുന്നില്‍ കാണാന്‍ സാധിക്കുന്നത്്.
തിങ്കളാഴ്ചയാണ് രാമ ലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തിയതെങ്കിലും അന്ന് അതിഥികള്‍ക്ക് മാത്രമാണ് ദര്‍ശനത്തിനുള്ള അനുമതിയുണ്ടായിരുന്നത്. പിറ്റേന്ന് മുതല്‍ തന്നെ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്‍കുകയായിരുന്നു. ചൊവ്വാഴ്ച മാത്രം അയോദ്ധ്യയില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.
രാത്രി വൈകിയും ക്ഷേത്രത്തിന് മുന്നില്‍ ഭക്തരുടെ നീണ്ട നിരയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയും നിരവധി ഭക്തരാണ് ക്ഷേത്ര കവാടത്തിനു മുന്നില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ക്യൂ മെച്ചപ്പെടുത്തുമെന്നും ഇതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിനായി അടുത്ത കുറച്ച് ദിവസത്തേക്ക് ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ക്ഷേത്രത്തില്‍ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് നിലവില്‍ ഭക്തര്‍ക്ക് പ്രവേശനമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക