അയോദ്ധ്യ: ബാലകരാമന്റെ പ്രാണപ്രതിഷ്ഠാ മഹോത്സവത്തിന് പിന്നാലെ അയോദ്ധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്. ദര്‍ശനം ആരംഭിച്ച ആദ്യദിനമായ ഇന്നലെ അഞ്ച് ലക്ഷം ഭക്തര്‍ രാമവിഗ്രഹം ദര്‍ശിച്ചു. ദീപാവലിക്ക് ഒന്നര ലക്ഷം പേര് മുമ്പു വന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഗതാഗത നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെയാണ് അയോദ്ധ്യയുടെ സമീപ നഗരങ്ങളിലും ഗ്രാമങ്ങളിലും ദിവസങ്ങളായി തമ്പടിച്ചിരുന്നവര്‍ കൂട്ടമായി എത്തിത്തുടങ്ങിയത്. പതിനായിരക്കണക്കിനു പേരാണ് വാഹനങ്ങളിലും കാല്‍നടയായും അയോദ്ധ്യ ലക്ഷ്യമാക്കി നീങ്ങുന്നത്. ക്ഷേത്ര നഗരത്തിലെ പ്രധാന റോഡായ 13 കിലോമീറ്റര്‍ വരുന്ന രാംപഥ് ഭക്തരാല്‍ നിറഞ്ഞു. വരുംദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം ഭക്തര്‍ പ്രതിദിന ദര്‍ശനത്തിനെത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകൂട്ടല്‍.
ഇന്നലെ രാവിലെ ആറിന് ക്ഷേത്രം തുറന്നതു മുതല്‍ പൊതുജനങ്ങള്‍ ദര്‍ശനം ആരംഭിച്ചു. മുമ്പ് രാംലല്ല ദര്‍ശനത്തിനുണ്ടായിരുന്ന സമാന നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ഫോണ്‍, പൂക്കള്‍, മറ്റു പൂജാ സാമഗ്രികള്‍ എന്നിവയൊന്നും ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കില്ല. ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് ട്രസ്റ്റ് രാമക്ഷേത്രത്തിലെ പ്രസാദം നല്‍കും. ഇന്നലെ രാവിലെ ആറരയ്ക്ക് ജാഗരണ്‍ ആരതിയും 12ന് ഭോഗ് ആരതിയും 7.30ന് സന്ധ്യ ആരതിയും നടന്നു. എല്ലാ ദിവസവും ആരതി ഈ സമയങ്ങളിലാണ്.
ക്ഷേത്ര സുരക്ഷ സിആര്‍പിഎഫ്, യുപി സ്പെഷല്‍ പോലീസ് ഫോഴ്സ് എന്നിവയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. പടിപടിയായി സിആര്‍പിഎഫിനെ പിന്‍വലിച്ച് എസ്പിഎഫിന് രാമക്ഷേത്രത്തിന്റെ സമ്പൂര്‍ണ ചുമതല നല്‍കും. മൂന്നു പതിറ്റാണ്ടായി രാമജന്മഭൂമിയുടെ സംരക്ഷണം സിആര്‍പിഎഫിനായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ സമാപിച്ചെങ്കിലും അയോദ്ധ്യ നഗരത്തിലെ പോലീസ് നിരീക്ഷണവും എടിഎസ് അടക്കമുള്ള ഏജന്‍സികളും ഇവിടെ തുടരും.
അയോദ്ധ്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും ഇന്നലെ പുനരാരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ട്രെയിനില്‍ എത്തിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍സേവകരും രാമനഗരിയിലേക്ക് വരുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകളുണ്ട്. അയോദ്ധ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: