എനിക്ക് ആ മുഹൂര്‍ത്തം ജീവിതത്തില്‍ മറക്കാനാവില്ല.. കണ്ണീരൊഴുകുകയായിരുന്നു. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്.. അയോദ്ധ്യയിലെ രാമന്‍ സമരസതയുടെ നായകനാണെന്ന പ്രഖ്യാപനമായിരുന്നു പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍, മഹോത്സവം കഴിഞ്ഞിട്ടും അനില്‍ ചൗധരിയുടെ ഹൃദയം തുടിക്കുന്നത് ആ അനുഭൂതിയിലാണ്. കാശിയിലെ ശ്മശാനത്തില്‍ ചിതയ്‌ക്ക് തീകൊടുക്കുന്ന ജോലി ചെയ്യുന്നയാളാണ് അനില്‍ ചൗധരി. പ്രാണപ്രതിഷ്ഠയുടെ പതിനഞ്ച് യജമാനന്മാരിലൊരാള്‍. അനില്‍ ചൗധരിയും ഭാര്യ സ്വപ്‌നാദേവിയും ഏഴ് ദിവസമായി തുടരുന്ന ചടങ്ങുകളില്‍ യജമാനനും യജമാന പത്‌നിയുമായി പങ്കെടുത്തു.
വംശം പറഞ്ഞാല്‍ മഹാരാജാ ഹരിശ്ചന്ദ്രന്റേതാണെന്ന് പറയും. അദ്ദേഹം ശ്മശാനജോലി ചെയ്തതിന്റെ പിന്‍തലമുറയില്‍പ്പെട്ടതുകൊണ്ടാണ് ആ ബന്ധം, അനില്‍ ചൗധരി പറയുന്നു.
കര്‍മ്മങ്ങള്‍ക്ക് മുഖ്യയജമാനനായി മാറിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യജമാനന്മാരായി നിയുക്തരായ പതിനാല് പേരും സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ടവരാണ്. നാടോടി, വാല്മീകി, ലോഹര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും പ്രതിഷ്ഠാകര്‍മ്മത്തിന് ചുമതലക്കാരുണ്ടായി.
പ്രാണപ്രതിഷ്ഠയ്‌ക്ക് മുമ്പുള്ള കര്‍മ്മങ്ങളില്‍ മുഖ്യയജമാന സ്ഥാനത്തിരുന്നത് തീര്‍ത്ഥക്ഷേത്രട്രസ്റ്റ് അംഗം അനില്‍ മിശ്രയാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള രാമചന്ദ്ര ഖരാഡി, ആസാമില്‍ നിന്നുള്ള രാംകുയി ജമി, ജയ്പൂരുകാരനായ ഗുരുചരണ്‍സിങ് ഗില്‍, തമിഴ്‌നാട്ടുകാരനായ ആടലരശന്‍, കര്‍ണാടകയില്‍ നിന്നുള്ള ലിംഗരാജ് ബസവരാജ്, മഹാരാഷ്‌ട്രക്കാരനായ വിഠല്‍ റാവു കാംബ്ലെ, ലാത്തൂരില്‍ നിന്നുള്ള നാടോടിസംഘടന ഗുമന്തു സമാജ് ട്രസ്റ്റിലെ മഹാദേവ് റാവു ഗെയ്‌ക്ക്‌വാദ്, ലഖ്‌നൗവില്‍ നിന്നുള്ള ദിലിപ് വാല്മികി, കാശി സ്വദേശികളായ കവിന്ദ്ര പ്രതാപ് സിങ്, കൈലാഷ് യാദവ്, ഹര്‍ദോയിയില്‍ നിന്നുള്ള കൃഷ്ണമോഹന്‍, മുള്‍ത്താനി ലോഹര്‍ സമൂഹത്തിലെ രമേശ് ജെയിന്‍, ഹരിയാനയില്‍ നിന്നുള്ള അരുണ്‍ ചൗധരി എന്നിവരായിരുന്നു മറ്റ് യജമാനര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: