മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ, വനിതാ സിംഗിള്‍സിലെ ആദ്യറൗണ്ട് സെമി ലൈനപ്പ് റെഡി. നാളെ നടക്കുന്ന ആദ്യ വനിതാ സെമിയില്‍ നിലവിലെ ജേതാവ് അരൈന സബലെങ്കയും അമേരിക്കന്‍ താരം കോകോ ഗൗഫും മത്സരിക്കും. വെള്ളിയാഴ്ച നടക്കുന്ന ആദ്യ പുരുഷ സെമിയില്‍ നിലവിലെ ചാമ്പ്യന്‍ നോവാക് ദ്യോക്കോവിച്ചും ജാന്നിക് സിന്നറും തമ്മില്‍ കൊമ്പുകോര്‍ക്കും.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒമ്പതാം സിഡ് താരം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെയ്സിക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് രണ്ടാം സീഡ് താരം അരൈന സബലെങ്കയുടെ കുതിപ്പ്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ നേരിട്ടുള്ള സെറ്റ് വിജയമാണ് താരം ഇന്നലെ നേടിയത്. കഴിഞ്ഞ എല്ലാ മത്സരത്തിലുമെന്നപോലെ ഇന്നലെയും സബലെങ്ക എതിര്‍താരത്തിന് വെല്ലുവിളിക്ക് അവസരം നല്‍കാതെ ആധിപത്യം പുലര്‍ത്തുകയായിരുന്നു. സ്കോര്‍: 6-2, 6-3
നാലാം സീഡായി ഇറങ്ങിയ കൗമാരതാരം കോകോ ഗൗഫ് ആണ് നാളത്തെ സെമിയില്‍ സബലെങ്കയ്ക്ക് ഏറ്റുമുട്ടേണ്ടത്. സീഡില്ലാത്താരമായി സെമി വരെ മുന്നേറിയ മാര്‍ത്ത കൊസ്റ്റ്യൂക്കിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഗൗഫ് ക്വാര്‍ട്ടര്‍ കടന്നത്.
രണ്ടാം റൗണ്ടില്‍ എലേന മെര്‍ട്ടെന്‍സിനെ അട്ടിമറിച്ച് കടന്നുവന്ന താരമാണ് കൊസ്റ്റ്യൂക്ക്. കുടത്ത ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളും നിര്‍ണയിക്കപ്പെട്ടത് ടൈബ്രേക്കറിലൂടെയാണ്. കൊടിയ പോരാട്ടത്തിനൊടുവില്‍ ഗൗഫ് ആദ്യ സെറ്റ് സ്വന്തമാക്കി. അത്രത്തന്ന കടുപ്പമേറിയ രണ്ടാം സെറ്റ് കൊസ്റ്റിയൂക്ക് പിടിച്ചെടുത്തതോടെ മത്സരം കൂടുതല്കലുഷിതമായി. മൂന്നാം സെറ്റിലേക്ക് നീണ്ട മത്സരത്തില്‍ 32കാരിയായ കൊസ്റ്റിയൂക്ക് 19 വയസ്സുള്ള ചുറുചുറുക്ക് അതിജയിക്കാന്‍ പാടുപെട്ടു. ഒടുവില്‍ ഗൗഫ് സെറ്റും മത്സരവും സെമിബെര്‍ത്തും കൈക്കലാക്കി. സ്കോര്‍: 7-6(8-6), 6-7(3-7), 6-2
കടുപ്പമേറിയ പോരാട്ടത്തിനൊടുവിലാണ് അമേരിക്കയുടെ ടെയ്ലര് ഫ്രിട്സിനെ ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം നാല് സെറ്റ് വരെ നീണ്ടു. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് പോയി. സ്കോര്‍: 7-6(7-3), 4-6, 6-2, 6-3.
ആന്ദ്രേ റുബ്ലേവിനെ കീഴ്പ്പെടുത്തിയ ഇറ്റലിക്കാരന് ജാന്നിക് സിന്നര്‍ ആണ് സെമിയില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. സിന്നറിനും വലിയ വെല്ലുവിളിയാണ് ക്വാര്‍ട്ടറില്‍ നേരിട്ടത്. റുബ്ലേവിന് മുന്നില്‍ ഒരു സെറ്റ് പോലും അടിയറവയ്ക്കേണ്ടിവന്നില്ല. പക്ഷെ മത്സരം കടുത്തതായിരുന്നു. ഇന്നലെ നടന്ന അവസാന മത്സരവും ഇരുവരും തമ്മിലായിരുന്നു. സ്കോര്‍: 6-4, 7-6(7-5), 6-3
പ്രതികരിക്കാൻ ഇവിടെ എഴുതുക: