ബാലകരാമ വിഗ്രഹം കണ്‍നിറയെ കണ്ടാണ് രാമനഗരിയില്‍ നിന്ന് മടക്കം. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാത്രി എഴുമണിയോടെയാണ് ക്ഷേത്രത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ലഭിച്ചത്. ക്ഷണം ലഭിച്ച അതിഥികള്‍ ദര്‍ശനം നടത്തി മടങ്ങുന്നത് വരെ കാത്തുനിന്നാണ് രാമനെ കാണാനായി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.
അത്യന്തം മനോഹരമായി നിര്‍മിച്ച രാമക്ഷേത്രം കാണുന്നവരുടെയെല്ലാം മനസ്സ് നിറയ്ക്കുന്നതാണ്. ക്ഷേത്രവും പുഷ്പാലങ്കാരവും കാലങ്ങളോളം ഏവരുടേയും മനസ്സില്‍ തങ്ങിനില്ക്കും. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ നൂറടിയോളം നടന്നാല്‍ മാത്രമെത്തുന്ന ഗര്‍ഭഗൃഹത്തിലെ കാഴ്ചകള്‍ നമ്മെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നതാണ്. അത്ര ഭംഗിയാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജന്മഭൂമിയില് മടങ്ങിയെത്തിയ രാമവിഗ്രഹത്തിന്.
ഭക്തര്‍ക്ക് വിഗ്രഹത്തില്‍ നിന്ന് കണ്ണെടുക്കാനാവാത്ത അവസ്ഥ. ലോകം മുഴുവനും തത്സമയം കണ്ട പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ അവസാനിക്കുമ്പോഴും ഭക്തരുടെ മനസ്സില്‍ തങ്ങിനില്ക്കുന്നത് ബാലകരാമന്റെ കോമള മുഖം തന്നെ.
സര്‍വ്വാഭരണ വിഭൂഷിതനായി കോതണ്ഡധാരിയായ ബാലകരാമനെ അണിയിച്ചൊരുക്കിയതിന് പിന്നില്‍ വലി ഗവേഷണം തന്നെയാണ് നടന്നത്. അദ്ധ്യാത്മ രാമായണം, വാല്മീകി രാമയണം, രാമചരിത മാനസം, ആളവന്താര്‍ സ്തോത്രം എന്നിവയിലെ രാമന്റെ കുട്ടിക്കാലം സംബന്ധിച്ച പരാമര്‍ശങ്ങളില്‍ ഗവേഷണം നടത്തിയാണ് രാമന്റെ വേഷഭൂഷാധികള്‍ രാമക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. യതീന്ദ്ര മിശ്രയുടെ നിര്‍ദേശ പ്രകാരം ലഖ്നൗവിലെ ഹര്‍ശ്യാമള്‍ ശ്യാമള്‍ ജുവലറിയിലെ അങ്കുര്‍ ആനന്ദാണ് ആഭരണങ്ങള്‍ തയാറാക്കിയത്. ബാലകരാമന് അണിഞ്ഞ പട്ടുവസ്ത്രങ്ങള്‍ ബനാറസ് കൈത്തറി പട്ടുകളാണ്. മഞ്ഞ ധോത്തിയും ചുവന്ന അങ്കവസ്ത്രവും വാരാണസിയില്‍ നിന്നാണെത്തിയത്. സ്വര്‍ണ സാരിയില്‍ ത്രെഡ് ചെയ്ത വസ്ത്രം ആകര്‍ഷകമായി. വൈഷ്ണവ മുദ്രകളായ ശംഖും പദ്മവും ചക്രവും മയൂരവും ദല്‍ഹിയിലെ ടെക്സ്റ്റൈല്‍ ഡിസൈനറായ മനീഷ് ത്രിപാഠി അയോദ്ധ്യയിലെത്തി ചെയ്തു നല്‍കിയതാണ്.
മകുടം
ഉത്തരഭാരത രീതിയിലാണ് തയാറാക്കിയത് സ്വര്‍ണത്തില്‍ മരതകവും വൈഢൂര്യവും വജ്രങ്ങളും പതിപ്പിച്ചതാണ് മകുടം. കേന്ദ്രഭാഗത്ത് സൂര്യദേവനുണ്ട്. അരികുകളില്‍ രത്നങ്ങളും പതിപ്പിച്ചിട്ടുണ്ട്. മയിലിന്റെ രൂപങ്ങള്‍ ചേര്‍ത്ത കുണ്ഡലവും സ്വര്‍ണവും രത്നങ്ങളും പതിപ്പിച്ച് രാമനെ അണിയിച്ചിട്ടുണ്ട്.
ആഭരണങ്ങള്‍
രത്നങ്ങള്‍ പതിപ്പിച്ച നെക്ളേസ് കണ്ഠത്തില് പതിപ്പിച്ചിട്ടുണ്ട്. സൂര്യദേവന് നടുക്കുണ്ട്. ഹൃദയത്തോട് ചേര്‍ത്ത് കൗസ്തുഭമണി അണിഞ്ഞിട്ടുണ്ട്. മാണിക്യക്കല്ലുകളും വജ്രങ്ങളും ഇതില്‍ പതിപ്പിച്ചിരിക്കുന്നു. പദിക എന്ന ഗളമാലയും ധരിച്ചിട്ടുണ്ട്. വജ്രവും മരതകവും കൊണ്ടാണ് ഇതു തയാറാക്കിയത്.
വിജയമാല
വൈജയന്തി എന്ന് വിളിക്കുന്ന മാലയാണ് വിജയമാലയായി അണിഞ്ഞിരിക്കുന്നത്. സ്വര്‍ണവും മാണിക്യവും കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വിജയ അടയാളമായാണ് ഇതു ധരിക്കുന്നത്. കാല്‍പ്പാദം വരെ നീളുന്ന വലിയൊരു മാലയുമുണ്ട്. താമര, പാരിജാതം, തുളസി മാലകള്‍ക്കൊപ്പമാണിത്.
വളകള്‍
രണ്ടു കൈകളിലും വളകളുണ്ട്. സ്വര്‍ണത്തിലും വിലകൂടിയ കല്ലുകളിലുമാണ് വളകള്‍ തയാറാക്കിത്. രത്നങ്ങള്‍ പതിപ്പിച്ച വളകള്‍ വേറെയുമണ്ട്. മുദ്രിക എന്ന രത്നങ്ങളും മരതകവും പതിപ്പിച്ച വളകളും ബാലകരാമന് ധരിച്ചിട്ടുണ്ട്. മരതകവും മാണിക്യവും രത്നങ്ങളും ചേര്‍ത്ത് തയാറാക്കിയ തളയും ഇടതു കൈയില്‍ അണിയിച്ചിട്ടുണ്ട്. കൂടാതെ കാലുകളിലും രത്നങ്ങള്‍ പതിച്ച കാല്‍ത്തളകളുണ്ട്. കണങ്കാലില്‍ വജ്രങ്ങളുടെ തളയും സ്വര്‍ണ മണികളുടെ പാദസരവും അണിഞ്ഞിട്ടുണ്ട്.
സ്വര്‍ണ അരപ്പട്ടയും സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും രത്നങ്ങളും മരതകവും വജ്രങ്ങളും പതിപ്പിച്ച കിരീടവും രാമവിഗ്രഹത്തിലുണ്ട്. സ്വര്‍ണക്കുടയുമുണ്ട്. നെറ്റിയിലെ തിലകക്കുറി പ്രത്യേകമായി തയാറാക്കിയ ഡിസൈനാണ്. വിഗ്രഹത്തിന്റെ പാദങ്ങളില്‍ സദാ താമരപ്പൂക്കളും അലങ്കരിക്കുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള രാമവിഗ്രഹം ആയതിനാല്‍ വെള്ളിക്കളിപ്പാട്ടങ്ങളും ഗര്‍ഭഗൃഹത്തിലുണ്ട്. ആനയും കുതിരയും ഒട്ടകവും കളിരഥവുമെല്ലാം ഭഗവാനായി തയാറാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: