തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും ബാങ്കിന്റെ തന്നെ മുന്‍ പ്രസിഡന്‍റും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. കുടുംബാംഗങ്ങളുടേതുള്‍പ്പെടെ 1.02 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസിലാണ് ഇഡി നടപടി.
വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്‌പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ടു മാസമായി എൻ ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്. കണ്ടല ബാങ്കിൽ 3.22 കോടി രൂപയുടെ ക്രമക്കേടാണ് ആരോപിക്കപ്പെടുന്നത്. 90 ലക്ഷം രൂപയാണ് മകന്റെ പേരിൽ മാത്രം എടുത്തത്. ഭാര്യയുടെ പേരിലും 85 ലക്ഷത്തിന്റെ വായ്‌പയുണ്ട്. രണ്ട് ഹോട്ടലുകളും ഒരു സൂപ്പർ മാർക്കറ്റും മകൻ വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ മകൻ അഖില്‍ജിത്തിന്റെ പേരില്‍ ബെൻസ് കാറുമുണ്ട്.
പ്രാഥമിക കുറ്റപത്രത്തിൽ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വർഷത്തോളം ബാങ്ക് പ്രസിഡണ്ടായിരുന്നു ഭാസുരാംഗനെ പിന്നീട് ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.. പ്രതിയാണെന്ന് കണ്ടെത്തപ്പെട്ടതോടെ മുഖം രക്ഷിക്കാന്‍ ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്നും സിപിഐ പുറത്താക്കിയിരുന്നു.
കണ്ടല സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊച്ചിയിലെ പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കോടതി) കോടതിയിലാണ് ഇ ഡി കുറ്റപത്രം നൽകിയത്. ഭാസുരാംഗനെയും മകനെയും കൂടാതെ ഭാര്യയും രണ്ട് പെൺമക്കളും കേസിൽ പ്രതികളാണ്.
വായ്‌പാ തട്ടിപ്പിലൂടെ പ്രതികള്‍ക്ക് 3.22 കോടിയോളം രൂപ ലഭിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു. കണ്ടല ബാങ്കില്‍നിന്ന് വക മാറ്റിയ പണം ഭാസുരാംഗനും കുടുംബാംഗങ്ങളും ബിസിനസ് സംരംഭങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി ഇ ഡി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: