കോഴിക്കോട്: അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ 10 കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്റില്‍. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.
ജാമ്യാപേക്ഷ ജില്ലാകോടതിക്ക് പുറമെ ഹൈക്കോടതിയും തള്ളിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ ഇന്ന് രാവിലെ അത്തോളി സ്റ്റേഷനില്‍ ഹാജരായി. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പേരാമ്പ്ര കോടതിയിലേക്ക് കൊണ്ടുപോയി.
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം പ്രസിഡന്റ് സുനില്‍ കൊളക്കാട്, ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് കെ കെ സുരേഷ്, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ ,അജിത്ത് കുമാര്‍ കരി മുണ്ടേരി, മോഹനന് കവലയില്‍, അഡ്വ. സുധിന്‍ സുരേഷ്, സതീഷ് കന്നൂര്, നാസ് മാമ്പൊയില്‍, എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് താരിഖ് അത്തോളി, ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലിനീഷ് കുന്നത്തറ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
കഴിഞ്ഞ മാസം 20 നായിരുന്നു കേസിനാധാരമായ സംഭവം. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതിനെതിരെ കെ പി സി സി സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷന് മാര്‍ച്ച് ആഹ്വാനം ചെയ്തിരുന്നു. അത്തോളി സ്റ്റേഷന് മാര്‍ച്ചില്‍ കയര്‍ കെട്ടി പ്രതിരോധിക്കവെ പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന പരാതിയിലാണ് മാര്‍ച്ചിന് നേതൃത്വം നല്കിയ 12 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: