ബിജനൂറുകാരന്‍ ചമ്പത് റായി രാംലല്ലയുടെ കണക്കപ്പിള്ളയായി അയോദ്ധ്യയില്‍ സ്ഥിരമാവുന്നത് 1991 മുതലാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയായിരുന്നു അന്ന് അദ്ദേഹം. തര്‍ക്കമന്ദിരം അനന്തമായ തര്‍ക്കമായി കോടതിഫയലുകളില്‍ കെട്ടിക്കിടന്ന നാളുകളില്‍ അതിന്റെ കുരുക്കഴിക്കാനാണ് ചമ്പത്ത് റായിയെ സംഘടന നിയോഗിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹം പഠിച്ചു. അലഹാബാദ് ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ അയോദ്ധ്യാകേസ് നടന്ന എല്ലാ കോടതികളുടെയും വരാന്തയില്‍ കാത്തുനിന്നു. രാമന് ഗുമസ്തനായി, അഭിഭാഷകനായി, ഒടുവില്‍ കാര്യസ്ഥനായി…
വിസ്താരം അനന്തമായി നീണ്ടുപോയപ്പോള്‍ സംഘടനയ്ക്കുള്ളിലും പുറത്തും നീതി വൈകുന്നതിന്റെ അസ്വസ്ഥതകള്‍ നിറഞ്ഞു. വിജയം വെള്ളിത്തളികയില്‍ കിട്ടില്ല എന്നായിരുന്നു ചമ്പത് റായിയുടെ പ്രതികരണം. കാട്ടില്‍ പോയ രാമന് വേണ്ടി അയോദ്ധ്യ പതിനാല് വര്‍ഷം കാത്തിരുന്നു. ലോകരക്ഷ ചെയ്ത് ഭഗവാന് വന്നപ്പോള്‍ നമുക്ക് ദീപാവലിയായിരുന്നു… അതുകൊണ്ട് കാത്തിരിക്കൂ, നമ്മെ കാത്തിരിക്കുന്നത് മഹാദീപാവലിയാണ്…. അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണങ്ങള്‍ ആത്മവിശ്വാസ നിര്‍ഭരമായിരുന്നു.
അയോദ്ധ്യയുടെ ചരിത്രവും പുരാണവും ഈ മനുഷ്യനിന്ന് കാണാപ്പാഠമാണ്. കേസിന്റെ നാള്‍വഴികള്‍, വിചാരണകള്‍, വാദങ്ങള്‍, കോടതിയുടെ നിരീക്ഷണങ്ങള്‍… എല്ലാം.. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രവുമായി ബന്ധപ്പെട്ടതെല്ലാം ചമ്പത് റായിക്ക് അറിയാം. കര്‍സേവക പുരത്തെ അദ്ദേഹത്തിന്റെ മുറി ഒരു വശം നിറയെ ആ ചരിത്ര രേഖകളാണ്… പോരാട്ടം പോര്‍നിലങ്ങളില്‍ മാത്രമല്ല കോടതിമുറികളിലും നടത്തും എന്ന അശോക്സിംഘലിന്റെ പ്രഖ്യാപനം നടപ്പാക്കുകയായിരുന്നു ചമ്പത് റായി.
അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ ചുക്കാന്‍ സുപ്രീംകോടതി വിധിക്ക് ശേഷം ചമ്പത് റായി എന്ന എഴുപത്തഞ്ചുകാരനിലാണ് നിയുക്തമായത്. മൂന്ന് വര്‍ഷം പിന്നിടുന്നു. അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയരുന്നു. ഓരോ കോണിലെയും ചലനങ്ങള്‍ ചമ്പത് റായിക്ക് അറിയാം. രാമക്ഷേത്രം അഖണ്ഡഭാരതത്തിന്റെ ഭവ്യക്ഷേത്രമാക്കുക എന്ന കടമയാണ് കുറവുകളില്ലാതെ അദ്ദേഹം നടപ്പാക്കിയത്. അടിത്തറ നിര്‍മ്മാണം അലങ്കാരഗോപുരം വരെ ഓരോന്നും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാകുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, വെയിലെന്നോ മഴയെന്നോ കൂസാതെ ചമ്പത് സ്പര്‍ശമാണെവിടെയും… കണ്ടുകണ്ട് അയോദ്ധ്യക്കാര്‍ക്കെല്ലാം ആ മുഖവും ചലനങ്ങളും സുപരിചിതമമായിക്കഴിഞ്ഞു. അവര്‍ വിളിച്ച പേരാണ് രാംലല്ല കി പട്വാരി (ബാലകരാമന്റെ കാര്യസ്ഥന്) എന്നത്.
22 ന് പ്രാണപ്രതിഷ്ഠയാണ്. ഈ ദിനം ഭാരതത്തിന്റെ സാംസ്കാരിക സ്വാതന്ത്ര്യദിനമാണെന്ന് പ്രഖ്യാപിച്ചത് ചമ്പത് റായി ആണ്.
ആഗസ്ത് 15ന് രാജ്യം രാഷ്ട്രീയസ്വാതന്ത്ര്യം നേടി. ജനുവരി 22ന് സാംസ്കാരിക സ്വാതന്ത്ര്യം നേടുന്നു. സോമനാഥത്തിന് പിന്നാലെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു ശ്രീരാമക്ഷേത്രം. എന്നാല്‍ അത് നടന്നില്ല. ഈ സ്വാതന്ത്ര്യത്തിന് വേണ്ടി വലിയ പോരാട്ടം നടത്തേണ്ടിവന്നു. രാമകാര്യം വിജയിച്ചേ മതിയാകൂ എന്നതാണ് വിധി. അത് വിജയിക്കുന്നു. രാമന് വിജയിച്ചു എന്നാല്‍ രാഷ്ട്രം വിജയിച്ചു എന്നാണ് അര്‍ത്ഥം, ചമ്പത് റായി പറയുന്നു.
ധംപൂരിലെ ഗവണ്മെന്റ് കോളജില്‍ രസതന്ത്രം അദ്ധ്യാപകനായിരുന്ന ചമ്പത് റായ് അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് ജോലി വലിച്ചെറിഞ്ഞ് രാഷ്ട്രസേവനത്തിനിറങ്ങിയ ആളാണ്. ചരിത്രത്തില്‍ ആ പോരാട്ടജീവിതത്തിന് തിളക്കമേറെയാണ്. 1946 നവംബര്‍ 18ന് ഉത്തര്‍പ്രദേശിലെ ബിജനൂര്‍ നാഗിനയില്‍ രാമേശ്വര്‍ പ്രസാദ് ബന്‍സാല്‍-സാവിത്രി ദേവി ദമ്പതികളുടെ പത്തുമക്കളില്‍ രണ്ടാമന്. കുട്ടിക്കാലം മുതലേ ആര്‍എഎസ് പ്രവര്ത്തകന്. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം അദ്ധ്യാപകനായി. അടിയന്തരാവസ്ഥയ്ക്കെതിരെ സമരത്തിനിറങ്ങിയതിന് ഇന്ദിരാസര്‍ക്കാര്‍ പ്രശ്നമുണ്ടാക്കി. ജോലി വലിച്ചെറിഞ്ഞു. സമരം ചെയ്തു. ജയിലിലായി. പതിനെട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയില്ല. സമരം ജീവിതമാക്കാന്‍ തീരുമാനിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായി.
1991ല്‍ വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി. 1996ല്‍ ദേശീയ സെക്രട്ടറി. 2002ല്‍ അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി. ഇപ്പോള്‍ അന്താരാഷ്ട്ര വൈസ് പ്രസിഡന്റ്.
2019ല്‍ രാമജന്മഭൂമിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോള്‍ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രധാന ചുമതല ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ചമ്പത് റായിയെ ഏല്‍പ്പിച്ചു. 2020ല്‍ ചമ്പത് റായി ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായി… ചരിത്രത്തിലേക്കാണ് ചമ്പത് റായി നടന്നു കയറുന്നത്. രാമപാദുകവുമായി അയോദ്ധ്യ കാത്ത ഭരതനാണ് ആദ്യ മാതൃക. ആ വഴിയിലാണ് ത്രേതായുഗം പുനര്‍ജനിക്കുന്നത്. ലോകം ദീപാവലി കൊണ്ടാടുന്നത്… മുന്നേറ്റം പിന്‍നിരയിലുമാകാമെന്ന് കര്‍മ്മം കൊണ്ട് തെളിയിക്കുകയായിരുന്നു ആ മഹാ സംഘാടകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: