അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോദ്ധ്യയിലെത്തിത്തുടങ്ങി. ഇന്ന് വൈകിട്ടോടെ എല്ലാവരും തന്നെ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിക്കുന്നത്. ആകെ ഏഴായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. 150 ഓളം സംന്യാസി പരമ്പരകളുടെ പ്രതിനിധികളായി ആകെ നാലായിരത്തിലധികം സംന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹം നല്‍കും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംന്യാസി സംഘങ്ങളും ധര്‍മ്മാചാര്യന്മാരും വിവിധ മേഖലകളിലെ പ്രമുഖരും അയോദ്ധ്യയിലെത്തിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള സംന്യാസിമാരുടെ സംഘത്തിന് തീര്‍ത്ഥക്ഷേത്രപുരത്ത് പ്രത്യേകമൊരുക്കിയ കേന്ദ്രങ്ങളിലാണ് താമസം. ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരമെത്തുന്ന പ്രമുഖര്‍ക്ക് കര്‍സേവപുരത്തെ വിഐപി ടെന്റുകളിലും താമസ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. 55 ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂറു പ്രതിനിധികള്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി എത്തിച്ചേരുന്നതായി വിഎച്ച്പി ഗ്ലോബല്‍ ചെയര്മാന് സ്വാമി വിജ്ഞാനാനന്ദ് അറിയിച്ചു.
പ്രതിനിധികളെല്ലാം ഇന്ന് തന്നെ അയോദ്ധ്യയിലെത്തും. വിഎച്ച്പി ക്ഷേത്ര നിര്‍മ്മാണത്തിനായി ആരംഭിച്ച പോരാട്ടം വിജയത്തിലേക്ക് എത്തുകയാണെന്നും നാല്‍പ്പതുവര്‍ഷം നീണ്ടുനിന്ന പോരാട്ടമാണ് സംഘടന നടത്തിയതെന്നും സ്വാമി പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ മാര്‍ഗദര്‍ശകരായി വിഎച്ച്പി ഒരിക്കലും അവകാശപ്പെടുന്നില്ലെന്നും ഹിന്ദു സമൂഹത്തോടുള്ള ഉത്തരാവാദിത്വം നിര്‍വഹിക്കുക മാത്രമാണ് വിഎച്ച്പി ചെയ്യുന്നതെന്നും സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ ക്ഷണപ്രകാരം രണ്ടായിരത്തിലധികം സംന്യാസിമാരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് എത്തുന്നത്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രം പൂക്കളാല്‍ മനോഹരമായി അലങ്കരിച്ചു. ഓരോ ദിവസവും പ്രത്യേക പൂക്കളാലാണ് ക്ഷേത്രം അലങ്കരിക്കുന്നത്. പുതിയ ലൈറ്റുകളും തെളിയിച്ചു തുടങ്ങി. മാര്‍ബിളില്‍ പൂക്കളും ലൈറ്റുകളും ചേര്‍ന്നതോടെ ക്ഷേത്രത്തിന്റെ സൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിച്ചു. ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്ഷേത്ര ട്രസ്റ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ ലക്ഷക്കണക്കിന് രാമഭക്തരും അവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: