മെല്‍ബണ്‍: ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള കൗമാരക്കാരി ലിന്‍ഡ നൊസ്കോവയ്ക്ക് മുന്നില്‍ കാലിഡറി ലോക ഒന്നാം നമ്പര്‍ വനിതാ സിംഗിള്‍സ് താരം ഇഗ സ്വിയാറ്റെക്ക്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ മൂന്നാം റൗണ്ട് പോരാട്ടത്തിലാണ് പോളണ്ടുകാരിയുടെ കുതിപ്പ് നലിച്ചത്. സ്കോര്‍: 6-3, 3-6, 6-4.
ആദ്യമായി ഓസ്ട്രോലിയന്‍ ഓപ്പണിനെത്തിയ നൊസ്കോവ ആദ്യ റൗണ്ടില്‍ സീഡഡ് താരമായ സ്വന്തം നാട്ടുകാരി മാരി ബുസ്കോവയെ തോല്‍പ്പിച്ചാണ് തുടങ്ങിയത്. രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ മക്കാര്‍ട്ട്നി കെസ്ലറിനെ കീഴടക്കി. ഇപ്പോഴിതാ ലോക ഒന്നാം നമ്പര്‍ താരത്തെയും വീഴ്ത്തിയിരിക്കുന്നു. നാളെ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഉക്രൈന്റെ എലേന സ്വിറ്റോലിന ആണ് നൊസ്കോവയുടെ അടുത്ത എതിരാളി.
ഇന്നലെ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ വിക്ടോറിജ ഗുലോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്വിറ്റോലിനയുടെ വരവ്. സ്കോര്‍: 6-2, 6-3
വനിതാ സിംഗിള്‍സില്‍ ഇന്നലെ കരുത്തന് താരങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ വിക്ടോറിയ അസരെങ്ക വിജയിച്ചു. യലേന ഒസ്ടപെങ്കോയെ ആണ് താരം കീഴടക്കിയത്. 11-ാം സീഡ് താരമായ ഒസ്ടപെങ്കോ അസരങ്കയ്ക്ക് മുന്നില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങുകയായിരുന്നു.
സ്കോര്‍: 6-1, 7-5
അട്ടിമറി പ്രകടനവുമായി മൂന്നാം റൗണ്ടിലെത്തിയ അന്ന ബ്ലിങ്കോവയെ ജാസ്മിന് പവോലിനി തോല്‍പ്പിച്ചു. രണ്ടാം റൗണ്ടില്‍ ബ്രസീലിന്റെ ഹദ്ദാദ് മായിയയെ തോല്‍പ്പിച്ചായിരുന്നു ബ്ലിങ്കോവയുടെ വരവ്. ഒഷീന്‍ ഡോഡിന് ക്ലാരാ ബുറെലിനെ തോല്‍പ്പിച്ചപ്പോള്‍ സ്ലൊവേന്‍ സ്റ്റെഫെന്‍സിനെ അന്ന കാലിന്സ്കയ കീഴടക്കി. ചൈനീസ് വനിതകള്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ വാങ് യഫാനെ തോല്‍പ്പിച്ച് ക്വിന്‍വെന്‍ ഷെങ് മുന്നേറി. ഉക്രൈന്റെ ഡയാന യസ്ത്രെംസ്കയും പ്രീക്വാര്‍ട്ടര്‍ പോരിലേക്ക് യോഗ്യത നേടി.
പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അത്ഭുതങ്ങളൊന്നും സംഭവിക്കാതെ കരുത്തന് താരങ്ങള്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. കാര്‍ലോസ് അല്‍കാരസ് വാക്കോവറിലൂടെയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. മത്സരത്തിനിടെ ചൈനീസ് എതിരാളി ഷാങ് ജന്ഷെങ്ങ് പരിക്ക് കാരണം പിന്മാറിയതിനെ തുടര്‍ന്ന് അല്‍കാരസിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ സ്കോര്‍: 6-1, 6-1, 1-0ന് അല്‍കാരസ് മുന്നിട്ടു നില്കെയാണ് മത്സരം നിര്‍ത്തിവച്ചത്.
പുരുഷ സിംഗിള്‍സ് ഇന്നലെ കണ്ട കരുത്തന് പോരാട്ടത്തില്‍ കാസ്പര്‍ റൂഡിനെ കാമറോണ്‍ നോരി തോല്‍പ്പിച്ചു. സ്കോര്‍: 6-4, 6-7(7-9), 6-4, 6-3. യുഗോ ഹംബര്‍ട്ടിനെ ഹുബേര്ട് ഹര്‍ക്കാക്സ് തോല്‍പ്പിച്ചു. ടോമി പോളിനെ മറികടന്ന് മിയോമിര്‍ കെസ്മാനോവിച്ചും മുന്നേറി. ന്യൂനോ ബോര്‍ജസിന് മുന്നില്‍ ഗ്രിഗര്‍ ദിമിത്രോവ് പരാജയപ്പെട്ടതാണ് മറ്റൊരു സംഭവം. നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ദിമിത്രോവിന്റെ കീഴടങ്ങല്‍. മറ്റ് മത്സരങ്ങളില്‍ അലക്സാണ്ടര്‍ സ്വരേവ്, ഡാനില്‍ മെദ്വെദെവ് എന്നിവര്‍ പ്രീക്വാര്‍ട്ടര്‍ പോരിന് അര്‍ഹരായി.
ഭാരത താരം രോഹന് ബൊപ്പണ ഉള്‍പ്പെട്ട മിക്സഡ് ഡബിള്‍സ് മത്സരം മാറ്റിവച്ചു. ഓസ്ട്രേലിയക്കാരന് മാത്യു എബ്ഡെനുമൊത്തുള്ള താരത്തിന്റെ പുരുഷ ഡബിള്‍സ് മത്സരം നേരത്തെ തന്നെ മാറ്റിവച്ചിരുന്നു. നാളെയാണ് ബൊപ്പണ്ണയുടെ പുരുഷ ഡബിള്‍സ് മൂന്നാം റൗണ്ട് പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: