ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങളുടെ സമാഹരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നായര്‍ സര്‍വ്വീസ് സൊസൈറ്റി പുറത്തിറക്കി. എന്‍എസ്എസ് കോളജുകളിലേതുള്പ്പെടെയുള്ള അധ്യാപകരുടെ ഗവേഷണപ്രബന്ധങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ‘ശ്രീ മന്നത്ത് പത്മനാഭന്, ലിവിങ് ബിയോണ്ട് ദി ഏജസ്’ എന്ന പുസ്തകം.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുടെ ലേഖനമാണ് ആദ്യത്തേത്. സാഹിത്യകാരന് സി.രാധാകൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദുകോളജ് പ്രിന്‍സിപ്പലും ജി.സുകുമാരന്‍ നായരുടെ മകളുമായ ഡോ. എസ്. സുജാതയാണ് ചീഫ് എഡിറ്റര്‍.
സമുദായാചാര്യന്റെ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ ഇടപെടലുകളാണ് വിവിധ അധ്യാപകരുടെ 21 ഗവേഷണ ലേഖനങ്ങളിലൂടെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ മന്നത്ത് പത്മനാഭന് മുതുകുളത്ത് നടത്തിയ പ്രസംഗം, 1956-ലെ നായര്‍ സമ്മേളനത്തിലെ മന്നത്ത് പത്മനാഭന്റെ പ്രസംഗം, 1962-ലെ അദ്ദേഹത്തിന്റെ പ്രസംഗം എന്നിവ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഡോ.എസ്. സുജാതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: