തിരുവനന്തപുരം: അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കുന്നതിനുള്ള കര്‍ശന നടപടി തുടങ്ങി.
സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഇതുവരെ 3,67,786 കുടുംബങ്ങള്‍ക്കു മുന്‍ഗണനാ കാര്‍ഡ് നല്‍കിയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
ഇപ്പോള്‍ വിതരണം ചെയ്യുന്ന 45,127 കാര്‍ഡുകള്‍ കൂടി ചേരുമ്പോള്‍ 4,12,913 കുടുംബങ്ങള്‍ക്കു മുന്‍ഗണനാ കാര്‍ഡ് ലഭ്യമാകും. അര്‍ഹതയുള്ള പല കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അപേക്ഷ നല്കി വാങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇനിയും അനര്‍ഹരുടെ കൈകളിലിരിക്കുന്ന റേഷന്‍ കാര്‍ഡ് കര്‍ശന നടപടികളിലൂടെ തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കും. ഇതിനായുള്ള ‘ഓപ്പറേഷന് യെല്ലോ’ പദ്ധതി കര്‍ശനമായി നടപ്പാക്കും. അനര്‍ഹമായി ആരെങ്കിലും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിക്കണം. മന്ത്രി പറഞ്ഞു.
നവകേരള സദസില്‍ സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ടു ലഭിച്ച 19,485 അപേക്ഷകളില്‍ 12,302 എണ്ണം റേഷന്‍ കാര്‍ഡ് തരംമാറ്റാനുള്ളതായിരുന്നു. ഇവയെല്ലാം പരിശോധിച്ചാണ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരില്‍ 45,127 പേര്‍ക്ക് ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ കാര്‍ഡ് തരംമാറ്റി നല്‍കുന്നത്. ഇതില്‍ 590 പേര് നവകേരള സദസില്‍ അപേക്ഷ നല്കിയവരാണ്. ബാക്കിയുള്ള അപേക്ഷകളില്‍ ജനുവരി 31 ആവുന്നതോടെ പരിശോധന പൂര്‍ത്തിയാക്കി ഫെബ്രുവരി 5നു മുമ്പു കാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: