തിരുവനന്തപുരം: ഭാരതമെന്ന ഒരേയൊരു വികാരമാണ് നമ്മുടെ ഐക്യത്തിന്റെ മുഖമുദ്രയെന്നും കേരളത്തിന് മഹത്തായ പാരമ്പര്യമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
നഗര പ്രദേശങ്ങള്‍ മാത്രമല്ല ഗ്രാമീണ മേഖലകള്‍ കൂടി ചേര്‍ന്നതാണ് ഭാരതം. ജാതി, മതം, ജന്മദേശം എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും ഭാരതീയര്‍ എന്ന നിലയില്‍ നാം ഒന്നിച്ചുനില്‍ക്കുന്നു. തിരുവനന്തപുരം കൈമനത്ത് ബിഎസ്എന്‍എല്‍ റീജിയണല്‍ ടെലികോം ട്രെയിനിങ് സെന്ററില്‍ 15ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. കേരളത്തിന്റെ സംസ്കാരത്തെ അടുത്തറിയാനും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള അവസരമായി സാംസ്കാരിക വിനിമയ പരിപാടിയെ ഉപയോഗിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി, നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം. അനില്‍ കുമാര്‍, തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ ആശനാഥ് ജി. എസ്., നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവകേന്ദ്ര സംഘാതന്‍ തുടങ്ങിയവ സംയുക്തമായാണ് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള ഇരുനൂറോളം യുവതീയുവാക്കള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: