വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് കൊണ്ടുവന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളില്‍ നിന്നും ബാര്‍ജുകളില്‍ നിന്നും ഡീസല്‍ ഊറ്റിയെടുത്ത സംഘത്തിലെ നാലുപേര്‍ പിടിയില്‍. മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.
വിഴിഞ്ഞം കോട്ടപ്പുറം കരയടി വിളയില്‍ ദിലീപ് (32) , കോട്ടപ്പുറത്ത് നിന്ന് മുല്ലൂര്‍ സുനാമി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന റോബിന് (37), കോട്ടപ്പുറം തുലവിള ജീവാഭവനില്‍ ശ്യാം (24), മുക്കോല കാഞ്ഞിരംവിളയില്‍ ഷിജിന് (21) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്നും 35 ലിറ്റര്‍ വീതം കൊള്ളുന്ന 57 കന്നാസുകളിലായി രണ്ടായിരം ലിറ്റര്‍ ഡീസല്‍ പോലീസ് പിടികൂടി. മോഷ്ടിച്ച ഇന്ധനം കരയില്‍ എത്തിക്കാന്‍ കൊണ്ടുവന്ന ഫൈബര്‍ ബോട്ടും കടത്താന്‍ ശ്രമിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ വിഴിഞ്ഞം സ്വദേശി റോബിനും മറ്റ് രണ്ടുപേരും രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വള്ളത്തില്‍ ഡീസല്‍ കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പോലീസ് തുറമുഖത്തിന്റെ പഴയ വാര്‍ഫില്‍ എത്തിയത്. ഫൈബര്‍ വള്ളത്തില്‍ കൊണ്ടുവന്ന ഇന്ധനം വാര്‍ഫില്‍ ഇറക്കി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ച സംഘത്തെ കൈയ്യോടെ പിടികൂടുകയായിരുന്നു.
തുറമുഖ നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ മുതലപ്പൊഴിയില്‍ നിന്ന് കടല്‍ ഭിത്തി നിര്‍മിക്കുന്നതിന് കല്ലുമായി എത്തിയ ബാര്‍ജുകളും ടഗ്ഗുകളും ബോട്ടുകളും ഉള്‍പ്പെടെ നിരവധി യാനങ്ങള്‍ കടലില്‍ നങ്കൂരമിട്ടിരുന്നു. വൈകുന്നേരങ്ങളില്‍ ബാര്‍ജുകളിലെയും മറ്റും തൊഴിലാളികള്‍ ബോട്ടില്‍ കരയിലെത്തും. പിന്നെ വിജനമായ കടലില്‍ കിടക്കുന്ന യാനങ്ങളില്‍ നിന്നാണ് സംഘം ഡീസല്‍ ഊറ്റിയെടുത്തത്. സംഭവമറിഞ്ഞ അദാനി ഗ്രൂപ്പ് അധികൃതര്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: