പാട്ടും ഭജനയുമായി ഒരു യാത്ര… അയോദ്ധ്യയിലെ സമരഭൂമിയിലേക്ക് വ്രതനിഷ്ഠമാനസരായി ഒരു കൂട്ടം ആളുകള്‍. തീവണ്ടിമുറികള്‍ നിറയെ മുഴങ്ങിയത് രാമമന്ത്രം… ഇന്നലത്തെ പോലെയുണ്ട് ആ ദൃശ്യങ്ങള്‍. പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തത്തിലേക്ക് ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അന്നത്തെ തീവണ്ടി മുറിയും രാമഭജനവും ചന്ദ്രേട്ടന്റെ ഓര്‍മ്മകളില്‍ ഓളംവെട്ടുന്നു.
ആ യാത്രയുടെ, ദൃഢനിശ്ചയത്തോടെ രാവ് പകലാക്കി ചെയ്ത പ്രവര്‍ത്തനങ്ങളുടെ സഫലമുഹൂര്‍ത്തമാണ് വന്നണയുന്നത്. 1990ലെ ഒന്നാം പരിക്രമയ്ക്കായി കണ്ണൂരില്‍ നിന്ന് പുറപ്പെട്ട നൂറിലധികം കര്‍സേവകര്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് മുന്‍സംഘചാലക് ആയ സി. ചന്ദ്രശേഖരന് എന്ന എല്ലാവരുടെയും ചന്ദ്രേട്ടനായിരുന്നു. കോഴിക്കോട് നിന്നും കേരളത്തിന്റെ മറ്റ് സ്റ്റേഷനുകളില്‍ നിന്നും നിരവധി കര്‍സേവകര്‍ ട്രെയിനില്‍ കയറി. എല്ലായിടത്തും രാമഭജനകള്‍.. മൂന്നാം ദിവസം ട്രെയിന്‍ ഝാന്‍സി സ്റ്റേഷനിലെത്തി. എല്ലാവരും ഇറങ്ങി. അവിടെ നിന്നായിരുന്നു അയോദ്ധ്യയിലേക്കുളള അടുത്ത വണ്ടി. സ്റ്റേഷനില്‍ ആയിരക്കണക്കിന് പോലീസുകാര്‍. കര്‍സേവകര്‍ കൂട്ടമായി നിന്നിടത്തേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി. ട്രെയിനുകളെല്ലാം ക്യാന്‍സല്‍ ചെയ്തിരിക്കുകയാണെന്നും മുന്നോട്ടു പോകാന്‍ പറ്റില്ലെന്നും പോലീസ് മേധാവി അറിയിച്ചു. അയോദ്ധ്യയിലേക്കാണ് ടിക്കറ്റെന്നും പോയേ പറ്റൂ എന്നും ചന്ദ്രശേഖര്‍ജി ശഠിച്ചു. ബസില്‍ പോകാനായിരുന്നു പോലീസിന്റെ നിര്‍ദേശം.
പ്രദേശമാകെ സംഘര്‍ഷത്തിന്റെ അന്തരീക്ഷം. അയോദ്ധ്യയിലേക്കുളള വഴികളെല്ലാം അടച്ചിരിക്കുന്നു. എല്ലാവരെയും പോലീസ് ഉദ്യോഗസ്ഥര്‍ ബസുകളില്‍ കയറ്റി. ലളിത്പൂര്‍ ജില്ലയിലെ ഒരു വലിയ കോളജിലേക്ക് കൊണ്ടുപോയി. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ കോളജുകള്‍ ജയിലാക്കുകയായിരുന്നു സര്‍ക്കാര്‍. നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അറിയിച്ച് അവിടെ അടച്ചു.മഹാപരിക്രമയുടെ ദിവസം ആരും അയോദ്ധ്യയില്‍ കടക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാവരും അതു തന്നെ പ്രതീക്ഷിച്ചു. എന്നാല്‍ നൂറുകണക്കിന് കര്‍സേവകര്‍ ശ്രീരാമ ക്ഷേത്ര ഭൂമിയില്‍ പ്രവേശിച്ച് മന്ദിരത്തിന് മുകളില്‍ കാവി പതാക നാട്ടി. കര്‍സേവകരില്‍ ചിലര്‍ വെടിയേറ്റ് മരിച്ചെന്നും സരയൂനദിയിലൂടെ രക്തം ഒഴുകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പരന്നതോടെ പലരും പ്രകോപിതരായി. സര്‍ക്കാര്‍ കരുതിയതു പോലെയായിരുന്നില്ല സംഭവങ്ങളുടെ പര്യവസാനം. അറസ്റ്റിലായവര്‍ക്ക് മുലായംസിങ് സര്‍ക്കാര്‍ ഭക്ഷണമൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഭക്ഷണം എത്തിച്ചത്. 13 ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്.
1992ല്‍ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അശോക് സിംഘല്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ കര്‍സേവ നടന്നു. തര്‍ക്കമന്ദിരം നീങ്ങി. ഇന്ന് മഹാക്ഷേത്രം ഉയര്‍ന്നിരിക്കുന്നു. 500 വര്‍ഷത്തെ നാണക്കേടില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചു. ഇത് അഭിമാന മുഹൂര്‍ത്തമാണ്. അന്ന് പാടിയ പാട്ടുകള്‍, വിളിച്ച മുദ്രാവാക്യങ്ങള്‍, ജപിച്ച രാമനാമങ്ങള്‍… എല്ലാം ഇപ്പോഴും മുഴങ്ങുകയാണ്… പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ പതിനായിരക്കണക്കിന് കര്‍സേവകരെ, ജീവത്യാഗം ചെയ്ത പോരാളികളെയും സ്മരിച്ച് എല്ലാവരും രാമനാമം ചൊല്ലണം, സി. ചന്ദ്രശേഖരന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: