റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം തങ്കമണിയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തങ്കമണി സ്വദേശിയാണ് ഹർജി നൽകിയത്. 1986ൽ ഇടുക്കി ജില്ലയിലെ തങ്കമണിയിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള താണ് ചിത്രം. ചിത്രത്തിന്റെ ടീസറിൽ കാണിച്ചിരിക്കുന്നതു പോലെ പോലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്ന് തങ്കമണി സ്വദേശിയായ വി.ആർ.ബിജു എന്നയാൾ നൽകിയ ഹർജിയിൽ പറയുന്നു.
കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും, ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. പോലീസിനെ പേടിച്ച് പുരുഷന്മാർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുടർന്ന് പോലീസുകാർ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും സിനിമയിൽ കാണിക്കുന്നത് വാസ്തവ വിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണ് എന്ന് ഹർജിയിൽ പറയുന്നു. കൂടാതെ ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും പറയുന്നു.
‘എലൈറ്റ്’ എന്ന ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണ് വൻ പോലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഹർജിക്കാരൻ പറയുന്നു. അതേസമയം സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. മലയാളത്തിലെയും തമിഴിലെയും ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, ജോൺ വിജയ്, സമ്പത്ത് റാം എന്നിങ്ങനെ വമ്പൻ താര നിര തന്നെ സിനിമയുടെ ഭാഗമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: