കൊച്ചി : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ലോകമൊരുങ്ങുമ്പോള്‍ മലയാളത്തിലെ പ്രമുഖ പ്രസാധനകൂട്ടായ്മയായ കുരുക്ഷേത്രപ്രകാശന്‍ ഒരുക്കുന്ന അക്ഷരപൂജയും ശ്രദ്ധേയമാകുന്നു. രാമജന്മഭൂമി വീണ്ടെടുക്കല്‍ സമരത്തിന്റെ 500 വര്‍ഷത്തെ സമരചരിത്രം രേഖപ്പെടുത്തുന്ന, ‘അയോദ്ധ്യ:ഒരു ഐതിഹാസിക ബഹുജനസമരത്തിന്റെ ചരിത്രഗാഥ’ എന്ന പുസ്തകം ഇന്ന് വൈകിട്ട് 6.30 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ സ്വാമി ഉദിത് ചൈതന്യ പ്രകാശനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പുസ്തകം ഏറ്റുവാങ്ങും. 400-ല്‍ പരം പേജുള്ള ഗ്രന്ഥത്തില്‍ അഞ്ചു ഭാഗങ്ങളായി അയോദ്ധ്യാ സമരത്തിന്റെ വിവിധ വശങ്ങള് രേഖപ്പെടുത്തുന്നു.
ഒന്നാംഭാഗം സ്വാതന്ത്ര്യത്തിനു മുമ്പുനടന്ന വിമോചനസമരങ്ങളുടെ ചരിത്രമാണ്. ശ്രീറാം ഗോപാല്‍ പാണ്ഡെ തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഈ ഭാഗത്തുണ്ട്. ‘രാമജന്മഭൂമിസമരം സ്വാതന്ത്ര്യലബ്ധിക്കു ശേഷം’ എന്ന രണ്ടാം ഭാഗത്തില്‍ 1949-നു ശേഷം ഇതുവരെ നടന്ന സമരങ്ങളുടെയും കോടതിവ്യവഹാരങ്ങളുടെയും ചരിത്രം സമാഹരിച്ചിരിക്കുന്നു. 113 വര്‍ഷം മുമ്പ് അയോധ്യ സന്ദര്‍ശിച്ച നീലകണ്ഠ തീര്ത്ഥപാദസ്വാമിയുടെയും എസ്. കെ.പൊറ്റക്കാട് , എന്‍. വി. കൃഷ്ണവാര്യര്‍ എന്നിവരുടെയും യാത്രാവിവരണം ഇതിലുണ്ട്. മൂന്നാം ഭാഗത്ത് എ.ബി.വാജ്പേയി, എല്‍.കെ. അദ്വാനി, അശോക് സിംഘല്‍, കല്യാണ്‍സിങ്, പി.പരമേശ്വരന് കെ. രാമന്‍പിള്ള എന്നീ പ്രസ്ഥാന നായകന്മാരുടെ ചരിത്രപ്രധാനമായ പ്രസംഗങ്ങളും പാര്‍ലമെന്റ് രേഖകളും സമാഹരിച്ചിരിക്കുന്നു. ‘രാമജന്മഭൂമിസമരം വ്യത്യസ്ത അവലോകനങ്ങള്‍’ എന്ന നാലാംഭാഗത്ത് ജെഎന്‍യു ചരിത്രകാരന്മാരുടെ പ്രസ്താവനകളും അതിന് വി.എസ് നെയ്പാള്‍, ഡോ. എ.ആര്.ഖാന്, ഡോ. എസ്. പി. ഗുപ്ത, കെ ആര് മല്‍ക്കാനി, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവരുടെ മറുപടികളും ചേര്‍ത്തിരിക്കുന്നു. ഇര്ഫാന് ഹബീബിന്റെ നേതൃത്വത്തില്‍ ഇടത് ബുദ്ധിജീവികള്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്കു വേണ്ടി ചരിത്രത്തില്‍ നടത്തിയ അട്ടിമറികള്‍ വിശദീകരിക്കുന്ന ഡോ. എം. ജി.എസ്. നാരായണന്, ഡോ. കെ. കെ. മുഹമ്മദ് എന്നിവരുടെ ലേഖനങ്ങളും ഇതിന്റെ ഭാഗമാണ്.
‘ഈ പുസ്തകം കേവലം ഒരു ചരിത്രപഠനമല്ല. നാളെ ചരിത്രം പഠിക്കാനും രചിക്കാനുമൊരുമ്പെടുന്നവര്ക്ക് മഹത്തായൊരു റഫറന്‍സ് ഗ്രന്ഥം ആയിരിക്കും ഇത്. സത്യസന്ധമായി, വളച്ചൊടിക്കലുകളില്ലാതെ സമരവുമായി ബന്ധപ്പെട്ട രേഖകള്‍ ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നു , പ്രസാധകര് ചൂണ്ടിക്കാട്ടുന്നു. സമരസമിതി വിവിധ കാലങ്ങളിലിറക്കിയ നോട്ടീസുകള്‍, രസീതുകള്‍ എന്നീ ചരിത്രരേഖകളുടെ പകര്‍പ്പുകളും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. കാ.ഭാ സുരേന്ദ്രനാണ് പുസ്തകത്തിന്റെ എഡിറ്റര്‍. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിലക്കിഴിവില്‍ സാധാരണക്കാര്‍ക്ക് പുസ്തകമെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കുരുക്ഷേത്ര എഡിറ്റോറിയല്‍ സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: