കൊല്ലം: എഐ ക്യാമറ ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. 2023 നവംബര്‍ വരെ 43,974 റോഡപകടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മരണം 3622 ആണ്. 49,791 പേര്‍ക്ക് പരിക്കേറ്റു. 2022ല്‍ 43,910 അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
രണ്ടുമാസത്തെ കണക്കുകള്‍ വരാനിരിക്കെ 2023ല്‍ 2022നേക്കാള്‍ 484 കേസുകളുടെ വര്‍ധനവ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റോഡപടകങ്ങളുടെ എണ്ണത്തില്‍ കുറവുകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അപകട മരണങ്ങളില്‍ കുറവുണ്ട്.
2022ല്‍ അപകടമരണം 4317 ആയിരുന്നു. പരിക്കേറ്റവര്‍ കൂടുതല്‍ 2023ലാണ് (49791). 2022ല്‍ അപകടത്തില്‍ പരിക്കേറ്റത് 49307. 2020ലാണ് കുറവ് റോഡപകടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018 മുതല്‍ 2022 വരെ കേരളത്തില്‍ കൂടുതല്‍ റോഡപകടങ്ങള്‍(17,239) ഉണ്ടായത് എറണാകുളം ജില്ലയിലാണ്.
കഴിഞ്ഞ വര്‍ഷത്തെ റോഡപകടങ്ങള്‍ കൂടുതലും ലൈസന്‍സില്ലാത്തവരുടെ വാഹനം ഓടിക്കലാണ്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍ അജ്ഞാതമായിട്ടുള്ള അപകടങ്ങളുടെ കാര്യത്തില്‍ രണ്ടാമതാണ് കേരളം.
ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകാത്ത അപകടങ്ങളില്‍ മുന്‍പന്തിയിലാണ് കേരളമെന്ന് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളും വ്യക്തമാക്കുന്നു. ഇവ കൂടാതെ അശ്രദ്ധയും അമിതവേഗതയും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുക, റോഡുകള്‍ അപകടമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ 2019ല്‍ ആവിഷ്ക്കരിച്ച സേഫ് കേരള പദ്ധതി പ്രയോജനം ചെയ്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ല്‍ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കൊവിഡ് കാലം ജനങ്ങള്‍ വീടുകളില്‍ ആയതിനാല്‍ മാത്രമാണ് അപകടങ്ങളുടെ എണ്ണം കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: