ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ്. അതിനു മുന്നോടിയായി അയോധ്യയിൽ ഒരു പ്ലോട്ട് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സരയൂ നദിക്കരയിലുള്ള ആഡംബര സെവൻ സ്റ്റാർ പ്ലോട്ടഡ് ഡെവലപ്‌മെന്റായ ദ സരയുവിലാണ് ബച്ചൻ പ്ലോട്ട് സ്വന്തമാക്കിയത്. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തത് മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയാണ്.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അമിതാഭ് ബച്ചൻ 14.5 കോടി രൂപ മുടക്കി 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഭൂമിയാണ് സരയുവിൽ സ്വന്തമാക്കിയത്. ഈ പുതിയ നിക്ഷേപത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ, ‘ആഗോള ആത്മീയ തലസ്ഥാനമായ’ അയോധ്യയിൽ വീട് നിർമ്മിക്കാനാവുന്നതിന്റെ സന്തോഷം ബച്ചൻ പങ്കിട്ടിരുന്നു.
“എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിലെ ഹൗസ് ഓഫ് സരയുവിൽ അഭിനന്ദൻ ലോധയ്‌ക്കൊപ്പം ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അയോധ്യയുടെ കാലാതീതമായ ആത്മീയതയും സാംസ്കാരിക സമ്പന്നതയും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തുള്ള ഒരു വൈകാരിക ബന്ധം കെട്ടിപ്പടുത്തു. പാരമ്പര്യവും ആധുനികതയും പരിധികളില്ലാതെ സഹകരിക്കുന്ന അയോധ്യയുടെ ആത്മാവിലേക്കുള്ള ഹൃദയസ്പർശിയായ യാത്രയുടെ തുടക്കമാണിത്. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് പണിയാൻ ഞാൻ ആഗ്രഹിക്കുന്നു,” അമിതാഭ് ബച്ചൻ പറയുന്നു. 2028 മാർച്ചോടെ ആ ഭവന പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: