സോഷ്യൽ മീഡിയയിൽ നേരിട്ട ആക്രമണങ്ങളിൽ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ഗായക സംഘടനയില്‍ നിന്ന് ഗായകൻ സൂരജ് സന്തോഷ് രാജിവച്ചു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ ആഹ്വാനത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരിച്ച സൂരജ് സന്തോഷ് സോഷ്യൽ മീഡിയയിൽ ആക്രമണം നേരിട്ടിരുന്നു.
കെഎസ് ചിത്രയുടെ വീഡിയോയ്‌ക്ക് പിന്നാലെ, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെ എസ് ചിത്രമാർ തനിസ്വരൂപം കാണിക്കാൻ ഇരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സൈബറിടങ്ങളിൽ നിന്ന് സൂരജ് ആക്രമണം നേരിട്ടുതുടങ്ങിയത്.
സൈബർ ആക്രമണങ്ങളിൽ തളരില്ലെന്നും, തളർത്താൻ കഴിയില്ലെന്നും സൂരജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ‘കഴിഞ്ഞ രണ്ട് ദിവസമായി നിരന്തരം സൈബർ ആക്രമണണം നേരിടുകയാണ്. മുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വളരെ മോശമായ രീതിയിൽ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ വേണ്ട നിയമനടപടികൾ സ്വീകരിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ നൽകുന്ന ശക്തമായ പിന്തുണയാണ് എനിക്ക് ധൈര്യം നൽകുന്നത്. നീതിക്ക് വേണ്ടി നിലകൊണ്ട ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല, തളർത്താൻ പറ്റുകയും ഇല്ല” സൂരജ് പറഞ്ഞു.
വിമർശനങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിൽ നിന്നടക്കം നിരവധി പേർ സൂരജിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിരുന്നു. വിമർശനത്തിൽ കെ എസ് ചിത്രയെ പിന്തുണച്ചതിന് ഗായകൻ ജി വേണുഗോപാലും സൈബർ ആക്രമണം നേരിട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: