കോഴിക്കോട്: കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തെക്കുറിച്ച് സിപിഎമ്മില്‍ രഹസ്യാന്വേഷണം. പോലീസ് സ്പെഷല്‍ ബ്രാഞ്ചിനെക്കൊണ്ടാണ് അന്വേഷിപ്പിച്ചത്.
പ്രസംഗ വിവാദത്തിന് പിന്നില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകരില്‍ ചിലരുടെ പങ്കുണ്ടെന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം ആരോപിച്ചത്. ഇഎംഎസ് സമാരാദ്ധ്യനായത് എങ്ങനെയെന്ന് വിവരിച്ച് ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കണ്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടിയുടെ പ്രസംഗം. ഇത് വിവാദമാക്കിയതിന് പിന്നില്‍ സിപിഎമ്മിലെ ചിലരാണെന്നായിരുന്നു പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. പിണറായി വിജയനെ പ്രകീര്‍ത്തിച്ച് തിരുവാതിരകളിയും സംഗീത ആല്‍ബവുമൊക്കെ ഇറങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമര്‍ശനം ഉയര്‍ന്നത്.
മുമ്പ് സിപിഎം വിഎസ് ഗ്രൂപ്പിലെ പ്രധാനിയായിരുന്ന മുന്‍ എംഎല്‍എ എ. പ്രദീപ്കുമാര്‍ ആയിരുന്നു ഫെസ്റ്റിവല്‍ സംഘാടകസമിതിയുടെ ചെയര്മാന്. രാഷ്ട്രീയ ജീര്‍ണതക്കെതിരെയുള്ള എംടിയുടെ നിലപാടുകള്‍ ബോധപൂര്‍വ്വം മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണെന്നായിരുന്നു ഔദ്യോഗിക വിഭാഗത്തിലെ ചിലര്‍ ആരോപണമുന്നയി
ച്ചത്.
വിവാദത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍ എംടിയുടെ പ്രസംഗം ബോധപൂര്‍വ്വം ഉപയോഗിച്ചോ എന്നായിരുന്നു അന്വേഷിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് സ്വാഭാവികമായ അന്വേഷണം മാത്രമാണ് നടത്തിയതെന്നാണ് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം. പരിപാടികളെകുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് പാലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കാറുണ്ടെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ട് മാത്രമാണ് സമര്‍പ്പിച്ചതെന്നുമാണ് പറയുന്നത്. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടിയെകുറിച്ചുള്ള പൂര്‍ണ വിവരങ്ങളും എംടിയുടെ പ്രസംഗം തയാറാക്കിയതിന് പിന്നില്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിശദവിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം ഇക്കഴിഞ്ഞ ദിവസം സര്‍ക്കാരിന് കൈമാറിയത്.
എംടിയുടെ പ്രസംഗം 2003 ല്‍ എംടി എഴുതിയ ലേഖനത്തിലുള്ള വരികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് എതിരാണെന്ന വ്യാഖ്യാനം തെറ്റെന്നുമായിരുന്നു സിപിഎം വിശദീകരിച്ചത്. എംടിയുടെ വിമര്‍ശനത്തില്‍ സിപിഎമ്മില്‍ തിരുത്താനുണ്ടെങ്കില്‍ തയാറാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എ. പ്രദീപ്കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയാനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: