മലപ്പുറം: കൈവെട്ടുമെന്ന വിവാദ പ്രസംഗത്തില്‍ എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിനെ പിന്തുണച്ചു സംയുക്ത പ്രസ്താവനയുമായി ഒരു വിഭാഗം സമസ്ത നേതാക്കള്‍. പറഞ്ഞതിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ചിലര്‍ ദുഷ്പ്രചാരണം നടത്തിയെന്നാണ് വാദം. സമസ്ത നേതാക്കളായ ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ‘പാണക്കാടിന്റെ പൈതൃകം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ മേന്മ കുറയ്ക്കുന്നതായിരുന്നു സമസ്ത നേതാക്കളുടെ പ്രതികരണം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങളായിരുന്നു ഉദ്ഘാടകന്‍. ജാമിയ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് സത്താര്‍ ഉള്‍പ്പടെയുള്ള യുവനേതാക്കളെ ഒഴിവാക്കിയത് സാദിക്കലി തങ്ങളാണെന്ന് ഒരു വിഭാഗം സമസ്ത നേതാക്കള്‍ ആരോപിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി എസ്കെഎസ്എസ്എഫിലെ ഒരുവിഭാഗം സേവ് ജാമിയ എന്ന പേരില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങള്‍ക്കെതിരെ ലഘുലേഖ പുറത്തിറക്കിയിരുന്നു.
സത്താര്‍ പന്തല്ലൂരിനെതിരെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ഗുരുതര ആരോപണങ്ങളുയര്‍ത്തിയിട്ടുണ്ട്. സാദിഖലി ഷിഹാബ് തങ്ങള്‍ക്കെതിരെയും അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന ടി.എം. കോട്ടുമല ബാപ്പു മുസ്ലിയാര്, സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാര് എന്നിവര്‍ക്കെതിരെയും ലഘുലേഖ ഇറക്കിയതിന്റെ പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ എന്നാണ് പാണക്കാട് സമീറലി ശിഹാബ് തങ്ങളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: