കൊച്ചി: ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ കേന്ദ്രസർക്കാർ പദ്ധതികളും വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട സഹ പ്രവർത്തകരെ നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡിയെന്ന് മലയാളത്തിൽ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഇത്രയും വലിയ സമ്മേളനം നടത്താൻ ശക്തമായ സംഘടനയ്ക്കെ കഴിയുകയുള്ളുവെന്നും കേരളത്തിലെ പ്രവർത്തകർ ഏറെ പരിശ്രമിക്കുന്നുവെന്നതിൻറെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
ദരിദ്രരുടെ ക്ഷേമമാണ് ബിജെപിയുടെ മുഖമുദ്ര. ഒട്ടേറെ പദ്ധതികളിലൂടെ അത് ഉറപ്പാക്കി. കേന്ദ്രസർക്കാർ ആദായനികുതി പരിധി കുറച്ചു. മൊബൈൽ ഡേറ്റയുടെയും ഫോണിന്റെ വില കുറച്ചു. ഒൻപതു വർഷം കൊണ്ട് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു മുക്തരായി. ഗൾഫ് രാജ്യങ്ങളിൽ അവസരം കൂടി. ഇന്ത്യക്കാരോട് ബഹുമാനം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാമായണമാസം ആചരിക്കുന്ന നാടാണ് കേരളം. അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പുണ്യമുഹൂർത്തത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമ ജ്യോതി തെളിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള വ്രതത്തിലാണ് താനെന്നും അതിനോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾ താൻ പാലിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നേ ആചരിക്കേണ്ട മര്യാദകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഞാൻ പാലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായി രാജ്യത്തെ അനേകം ക്ഷേത്രങ്ങൾ ദർശിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അവിടെ ശുചീകരണത്തിൽ ഏർപ്പെടാനുള്ള സൗഭാഗ്യം ലഭിക്കുകയും ചെയ്തു. നിങ്ങളുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും ക്ഷേത്രങ്ങൾ നിങ്ങളും വൃത്തിയാക്കാണം – പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചിയിൽ എത്തിയപ്പോൾ മുതൽ റോഡിൽ ആയിരങ്ങളെയാണ് കണ്ടത്. അതിൽ നിറയെ സന്തോഷമുണ്ട്. ജനങ്ങളുടെ സ്നേഹത്തിന് നന്ദി. എല്ലാവരും അവരവരുടെ ബൂത്ത് തലത്തിൽ ശക്തമായി പ്രവർത്തിക്കണം. ബൂത്തുകൾ നേടിയാൽ സംസ്ഥാനം നേടാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മോദിയുടെ ഗ്യാരൻറി താഴെത്തട്ടിൽ എത്തിക്കണം. കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുമായി നിരന്തര ബന്ധം പുലർത്തണം. കേരളത്തിലെ പ്രവർത്തകരിൽ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസം നേടുന്നതിൽ വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിക്കെത്തിയ പ്രധാനമന്ത്രിയ്ക്ക് ഭഗവാൻ ശ്രീരാമന്റെ ആയുധമായ അമ്പും വില്ലും സമ്മാനിച്ചാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: