ശ്രീനഗര്‍: പഹാരി ഭാഷയിലേക്ക് രാമഭജന്‍ പകര്‍ത്തിയെഴുതി, അതാലപിച്ച് കശ്മീരിലെ മുസ്ലിം പെണ്‍കുട്ടി. ഉറി സ്വദേശിയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ബട്ടൂല്‍ സെറയാണ് രാമഭജനാലപിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയത്.
രാജ്യമൊത്തൊരുമിച്ച് രാമ കീര്ത്തനങ്ങളാലപിക്കുമ്പോള് കശ്മീര്‍ പിന്നിലാകരുതെന്ന ചിന്തയാണ് ബട്ടൂല്‍ രാമഭജന്‍ പാടാനുണ്ടായ കാരണം. ബോളിവുഡ് ഗായകന് ജുബിന്‍ നൗത്യാല്‍ പാടിയ രാമഭജനാണ് പഹാരിയിലേക്ക് ബട്ടൂല്‍ പകര്‍ത്തിയത്. ജുബിന്‍ നൗത്യാലിന്റെ ഭജന്‍ പഹാരിയില്‍ പാടിയാല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെ അത് പകര്‍ത്തി. ഇപ്പോള്‍ മുസ്ലിം സമുദായത്തിലുള്ളവര്‍ പോലും അഭിനന്ദിക്കുകയാണ്, ബട്ടൂല്‍ പറഞ്ഞു.
സയ്യിദ് വിഭാഗത്തില്‍പ്പെട്ടവളാണ് താന്‍. രാഷ്ട്രത്തെ സ്നേഹിക്കാനാണ് ഇമാം ഹുസൈന് പഠിപ്പിച്ചത്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും സഹോദരീ സഹോദരന്മാരാണ്. ഹിന്ദുക്കളെ ബഹുമാനിക്കണം, തിരിച്ചും അങ്ങനെയാവണം. ഭഗവാന് ശ്രീരാമന് അദ്ദേഹത്തിന്റെ സദ്ഗുണങ്ങള്‍ കൊണ്ടാണ് പരമോന്നതനായത്. നീതിയുടെ പ്രതിരൂപമാണ് അദ്ദേഹമെന്നും ബട്ടൂല്‍ ചൂണ്ടിക്കാട്ടി.
ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ സ്വദേശി ഇമാന് അന്‍സാരിയുടെ രാമഭജനും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വളരെയധികം ഭക്തിയോടെയും ലാളിത്യത്തോടെയും അവള് പാടിയ രാം ആയേഗാ എന്ന ഭജന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: