കോടാനുകോടി ശ്രീരാമഭക്തര്‍ ഉത്സവലഹരിയിലാണ്. ഭാരതത്തില്‍ മാത്രമല്ല, ലോകമെമ്പാടുമത് ദൃശ്യമാണ്. അവരുടെ ആവേശം പ്രകടിപ്പിക്കുന്നത് ഓരോ രീതിയിലാണ്. ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്ന ജനുവരി 22ന് 12.20ന് അയോധ്യയിലെത്താന്‍ എല്ലാവര്ക്കും കഴിയില്ല. കഴിയുന്നവരുടെ സംഖ്യ തുലോം നന്നേ കുറവായിരിക്കും. ആ ധന്യമുഹൂര്‍ത്തത്തെ ഓര്‍ത്ത് ചെയ്യാവുന്ന കാര്യമുണ്ട്. അതിലൊന്നാണ് രാമമന്ത്രം ഉരുവിടുക. 5 തിരിയുള്ള വിളക്ക് കൊളുത്തിവയ്ക്കുക. അത് ചെയ്യാനുള്ള ആഹ്വാനമാണ് ഇന്ത്യയുടെ വാനമ്പാടിയായ കെ.എസ്. ചിത്ര നടത്തിയത്. അവരുടെ വികാരവും വിചാരവുമുള്ളവരാണ് ഇന്ത്യയിലെ അമ്മമാരില്‍ മഹാഭൂരിപക്ഷവും. പക്ഷേ അതുകണ്ട് നെഞ്ചുളുക്കുന്നവരുണ്ട്. അവരുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ കാണാനായത്.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് മലയാളികളുടെ അവകാശവാദം. ആ പറയുന്നതിലെ ആത്മാര്‍ത്ഥതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇവിടെ ദൈവവുമില്ല. ദൈവത്തിന്റെ സ്വന്തം നാടുമില്ല എന്ന് ഉറക്കെ പറയേണ്ടിയിരിക്കുന്നു. ദൈവനാമം ഉച്ചരിക്കുന്നതുപോലും ആപത്താകുമെന്ന ചിന്തയാണെങ്ങും. ശ്രീരാമനാമം ഉച്ചരിക്കണമെന്നും അഞ്ചുതിരിയുള്ള വിളക്ക് കത്തിക്കണമെന്നും പറഞ്ഞതിന്റെ പേരില്‍ കെ.എസ്.ചിത്രയെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനും തയ്യാറാകുന്നത് കാണുമ്പോള്‍ അങ്ങിനെയല്ലെ പറയാന്‍ കഴിയൂ. എങ്കിലും കെ.എസ്.ചിത്ര പറഞ്ഞതിനെ അംഗീകരിക്കാനാണ് ഭൂരിപക്ഷമാളുകളും രംഗത്തുവരുന്നതെന്ന് കാണുമ്പോള്‍ സന്തോഷവും തോന്നുന്നു.
നൂറ്റാണ്ടുകളായി സംസ്കൃതിയെ തകര്‍ത്ത് അതിന്മേല് ഒരു വിദേശാക്രമി പകയോടെ, വിദ്വേഷത്തോടെ, കെട്ടിപ്പൊക്കിയ മിനാരങ്ങള്‍ക്ക് പകരമാണ് ക്ഷേത്രമുയരുന്നത്. നീതിന്യായ കോടതിയുടെ അനുമതിയോടെ അംഗീകാരത്തോടെ സര്‍വസമുദായങ്ങളുടെയും അറിവോടെയും സമ്മതത്തോടെയുമാണത്. ശ്രീരാമന് 14 വര്‍ഷമേ വനവാസം നടത്തേണ്ടിവന്നുള്ളൂ. എന്നാല്‍ ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ അതിന്റെ എത്രയോ ഇരട്ടി സമയം കാത്തിരിക്കേണ്ടിവന്നു. അതിന് അനുമതിക്കായി വര്‍ഷങ്ങള്‍ പടപൊരുതേണ്ടിവന്നു. അത് സീതയെ രാവണന്റെ കസ്റ്റഡിയില്‍ നിന്നും വീണ്ടെടുക്കാന്‍ വാനരന്മാര് അനുഷ്ഠിച്ച പ്രയത്നത്തേക്കാള്‍ വലുതായിരുന്നു.
ഹനുമാന് തിമിര്‍ത്താടിയ ലങ്കയെ ഓര്‍മ്മയില്ലെ? അതിനേക്കാള്‍ നീണ്ടതും കഷ്ടത നിറഞ്ഞതുമായ പോരാട്ടം. ആ പോരാട്ടത്തിന്റെ ഒരു മുഹൂര്‍ത്തത്തിലാണ് ബാബര്‍ കെട്ടിപ്പൊക്കിയ കെട്ടിടം മണ്ണോട് ചേര്‍ന്നത്. അതവിടെ തീര്‍ന്നു. ശ്രീരാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചുയര്ത്തിയ കെട്ടിടം തകര്‍ന്നിടത്താണ് ക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. അഞ്ചുവര്‍ഷംകൊണ്ട് ശ്രീരാമചന്ദ്രന് അനുചിതമായ ക്ഷേത്രം പൊങ്ങി. അതിന്റെ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്നതിന്റെ സന്തോഷത്തിന് അതിരില്ല. അളവുമില്ല. ആ സന്തോഷമാണ് ചിത്രയില്‍ കണ്ടത്. കോടാനുകോടി ചിത്രമാര്‍ ആ സന്തോഷം പ്രകടിപ്പിക്കുന്നു. അതുകണ്ട് ഓരിയിടുന്നവരോട് സഹതപിക്കുകയേ നിര്‍വാഹമുള്ളൂ.
22ന് ശ്രീരാമന് അയോധ്യയിലെത്തും. അന്ന് നാടും നഗരങ്ങളും രാമനാമത്താല്‍ ആറാടും. ശ്രീരാമനാമംകൊണ്ട് മുഖരിതമാകും. ദീപപ്രഭകൊണ്ട് അലങ്കരിതമാകും. അത് കോടാനുകോടി ഭാരതീയരുടെ മാത്രമല്ല, നാനാ ജാതിമതസ്ഥരായ ലോകരാജ്യങ്ങളും അതില്‍ ആഹ്ലാദം പങ്കിടും. ഭാരതീയരുടെ സ്വപ്നസാക്ഷാല്ക്കാരമാകുന്ന മുഹൂര്‍ത്തമാണത്. കെ.എസ്. ചിത്ര അത് പറഞ്ഞപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുന്നവരോടൊപ്പം ചിലര്‍ക്ക് നെറ്റിചൂളി. തെറിവിളിക്കാന്‍ കൊതി. എത്രതന്നെ പുലഭ്യം പറഞ്ഞാലും ചിത്രമാരിവിടെ ഉദിച്ചുയര്ന്നുകൊണ്ടേയിരിക്കും. ദീപം തെളിയിച്ചുകൊണ്ടേയിരിക്കും. രാമനാമം ജപിച്ചുകൊണ്ടേയിരിക്കും.
ശ്രീരാമനെ ഹിന്ദുവര്‍ഗീയവാദികളുടെ ഉപകരണമായി കാണുന്നവര്‍ കേട്ടോളൂ. ഉസ്താദ് പൊന്നുരുത്തി കുഞ്ഞിമുഹമ്മദ് മൗലവി പറഞ്ഞത്. നബിക്ക് മുന്നേ ജനിച്ചതാണ് ശ്രീരാമന്. മുസല്മാന് ജയ് ശ്രീരാം വിളിച്ചാല്‍ മുസല്മാനല്ലാതാവുന്നതെങ്ങിനെ എന്നാണ് മൗലവിയുടെ ചോദ്യം. ‘എകെജി, ഇഎംഎസ്, സുന്ദരയ്യ സിന്ദാബാദ്’ എന്ന മുദ്രാവാക്യം താനും വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ മൗലവി ചോദിക്കുന്നു താന്‍ ഇസ്ലാമല്ലാതായോ എന്ന്. കേരളത്തിലെ മൊയ്തീന് കുട്ടിഹാജി എന്ന ബാവ ഹാജിയെ അറിയില്ലെ? അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘എന്റെ വീട്ടില്‍ ഉമ്മ രാമായണം വായിക്കുമായിരുന്നു. ഖുറാനെ പോലെ രാമായണം സൂക്ഷിച്ചുവയ്ക്കുന്നു’ എന്ന്.
കേരളത്തിലെ അന്തംകമ്മികളും രാവണ കോണ്ഗ്രസുകാരുമുണ്ടാക്കുന്ന കുണ്ടാമണ്ടികൊണ്ട് ഒരു കുന്തവും കൊടച്ചക്രവും നടക്കാന്‍ പോകുന്നില്ല. കേരള നിയമസഭ ഏകകണ്ഠമായല്ലെ അയോധ്യയില്‍ ക്ഷേത്രനിര്‍മാണം വേണ്ട എന്നുപറഞ്ഞത്. അയോധ്യയില്‍ ബാബര്‍ പള്ളി പണിയണമെന്നും ആവശ്യപ്പെട്ടതല്ലെ? എന്നിട്ടെന്തായി? പള്ളിപണിതോ? ക്ഷേത്രനിര്‍മാണം തടയണമെന്ന ആവശ്യം അംഗീകരിച്ചോ? അഞ്ചുനേരം നിസ്കരിക്കുന്ന മുസല്മാന് വേണ്ടാത്ത പള്ളി എന്തിനാണാവോ കോണ്ഗ്രസുകാരന്? എന്തിനാണാവോ അന്തംകമ്മികള്‍ക്ക്?
രാമായണം ആദികാവ്യമാണ്. അവതാരപുരുഷനാണ് അതിലെ നായകന് ശ്രീരാമന്. ആദികവിയുടെ ആ ദര്ശനപുരുഷന്റെ ജീവചരിത്രമാണ് രാമായണം. വിശ്വസാഹിത്യതറവാട്ടിലെ സീമന്തപുത്രിയാണ് രാമായണം. അതിലെ ഓരോ വരിയും ഓരോ കഥാപാത്രവും പ്രാധാന്യമേറിയതാണ്. അതിലെ ശ്രീരാമന് മര്യാദപുരുഷോത്തമനാണ്. അതിനെയാണ് ഗാന്ധിജി കണ്ടത്. അധമനാണ് രാവണന്. ഗാന്ധിജിയെ വിട്ട് രാമനെ വിട്ട് രാവണനെ വാഴ്ത്തട്ടെ കോണ്‍ഗ്രസ്. എന്നിട്ട് മതി അന്തംകമ്മികളും കോണ്‍ഗ്രസും കൈമെയ് മറന്ന് ചിത്രയെ തളര്‍ത്താനും താഴ്ത്തികെട്ടാനുമുള്ള ശ്രമം നടത്തുന്നത്. ആ കാലം തീര്ന്നുമാഷേ. ഇനി രാമന്റെ നാളുകളാണ്. രാമമന്ത്രം മുഴങ്ങട്ടെ.
രാമമന്ത്രം മുഴക്കാന്‍ ചിത്ര മാത്രമല്ല, ജി. വേണുഗോപാലുമുണ്ട്. ശ്രീകുമാരന്‍ തമ്പിയുണ്ട്. കൈതപ്രമുണ്ട്. അങ്ങനെ കോടാനുകോടി പ്രഗത്ഭരുണ്ട്. എന്എസ്എസുണ്ട്, എസ്എന്‍ഡിപി യോഗമുണ്ട്. മറ്റ് സമുദായസംഘടനകളും സജീവമായി രംഗത്തുണ്ട്. പട്ടികള്‍ കുരയ്ക്കട്ടെ, കാളവണ്ടി മുന്നോട്ടുതന്നെ. അങ്ങിനെ ചിത്രയും ചരിത്രം സൃഷ്ടിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: