ന്യൂദല്‍ഹി: അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുപ്രീംകോടതിയുടെ തന്നെ അഞ്ചംഗ ബെഞ്ച് ഏകപക്ഷീയമായി രാമക്ഷേത്രനിര്‍മ്മാണത്തിന് നല്‍കിയിരിക്കെ ബാബറി മസ്ജിദ് ഭൂമിയിലാണ് അയോധ്യാക്ഷേത്രമെന്ന വിവാദപ്രസ്താവനയുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന അര്‍ഷദ് മദനി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ഷദ് മദനി ഈ വിവാദ നിലപാട് പ്രകടമാക്കിയത്.
അത് പള്ളിയുടേതാണെന്നും പള്ളി തന്നെയാണെന്നും പള്ളി നിര്‍മ്മിക്കും മുന്‍പ് ആ സ്ഥലം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് പള്ളിയുടെ സ്ഥലത്താണ്. അതു പള്ളിയാണെങ്കില്‍ അതിന്റെ ആളുകള്‍ക്ക് വിട്ടുകിട്ടേണ്ടതാണെന്നും മൗലാന അര്‍ഷദ് മദനി പറഞ്ഞു.
അയോധ്യവാദം കേട്ട സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകപക്ഷീയമായാണ് രാമക്ഷേത്രം പണിയാന്‍ ഭൂമി വിട്ടുകൊടുത്തതെന്നിരിക്കെ, സുപ്രീംകോടിതയുടെ മൂന്ന് ജഡ്ജിമാര്‍ പള്ളിയുടെ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞതായും മൗലാന അര്‍ഷദ് മദനി അഭിപ്രായപ്പെടുന്നു.
സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചാണ് തര്‍ക്കഭൂമി അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ഏകപക്ഷീയമായി വിട്ടുകൊടുത്തുകൊണ്ട് 2019 നവംബര്‍ 9ന് 929 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞത്. അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി, ജഡ്ജിമാരായ ശരദ് അരവിന്ദ് ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് 23 ദിവസം വാദം കേട്ട ശേഷം അന്തിമവിധി പുറപ്പെടുവിച്ചത്. ഇതേ ബെഞ്ച് തന്നെ അയോധ്യയ്‌ക്കടുത്ത് അഞ്ചേക്കര്‍ ഭൂമി മുസ്ലിം പള്ളി പണിയാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. തര്‍ക്ക ഭൂമിയില്‍ അവകാശം നല്‍കാവുന്ന രീതിയില്‍ മെച്ചപ്പെട്ട തെളിവുകള്‍ ഹിന്ദു വിഭാഗം നല്‍കിയതാണ് സുപ്രീംകോടതി വിധിയെ സ്വാധീനിച്ചത്. നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ തര്‍ക്കഭൂമിയില്‍ ആരാധനനടത്തിയതായി ഹിന്ദുവിഭാഗത്തിന് കോടതി മുന്‍പാകെ തെളിയിക്കാന്‍ കഴിഞ്ഞത് അനുകൂല വിധിയ്‌ക്ക് ആധാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: