അയോദ്ധ്യ: ശ്രീരാമ ജന്മഭൂമിയില് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. പ്രതിഷ്ഠയ്ക്കായി തെരഞ്ഞെടുത്ത രാംലല്ല വിഗ്രഹം ജനുവരി 18ന് ഗര്ഭഗൃഹത്തില് (ശ്രീകോവില്‍) സ്ഥാപിക്കും. മൈസൂര്‍ സ്വദേശിയായ ശില്പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത വിഗ്രഹമാണ് പ്രതിഷ്ഠയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു.
150-200 കിലോയുള്ള കല്ലില്‍ തീര്‍ത്ത 51 ഇഞ്ച് നീളമുള്ള വിഗ്രഹം നാലു ദിവസം മുമ്പുതന്നെ ഗര്ഭഗൃഹത്തിലെത്തിച്ച് പൂജാവിധികള്‍ ആരംഭിക്കും. അഞ്ചുവയസ്സിന് താഴെയുള്ള ബാലകരാമന്റെ നില്ക്കുന്ന രൂപത്തിലുള്ളതാണ് വിഗ്രഹം. ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ഗര്ഭഗൃഹത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ദാസ്, ട്രസ്റ്റംഗങ്ങള്‍ എന്നിവരുണ്ടാകും.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള പൂജകള്‍ അയോദ്ധ്യയില്‍ ഇന്ന് ആരംഭിക്കും. 120 വൈദികര്‍ വിവിധ യജ്ഞങ്ങള്‍ക്ക് ചുമതല വഹിക്കും. പുതിയ വിഗ്രഹത്തിന്റെ ജല, അന്ന, ശയ്യാവാസ ക്രിയകളടക്കം 21ന് പൂര്‍ത്തിയാക്കും. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാവിലെ പൂജകള്‍ പൂര്‍ത്തിയാക്കും.
ചടങ്ങുകളുടെ ഭാഗമായി 20 മുതല്‍ 22 വരെ രാമക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കില്ല. 23 മുതല്‍ പുതിയ രാമക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: