ബെംഗളൂരു: തകരാറുള്ള വാഹനം കൊടുത്ത് ഉടമയെ കബളിപ്പിച്ചതിന് ഹ്യുണ്ടായിക്ക് പിഴയിട്ട് കോടതി. ആപ്പിള്‍ കാര്‍പ്ലേ സംവിധാനം തകരാറിലായ ഐ20 ഹാച്ച്ബാക്ക് വാങ്ങിയ ഉപഭോക്താവിനാണ് 2.25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക. ബെംഗളൂരു അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് വിധി.
ബെംഗളൂരുവിലുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പായ ബ്ലൂ ഹ്യൂണ്ടായിക്കാണ് കോടതി പിഴയിട്ടത്. 2022ലാണ് സ്വാതി അഗര്‍വാള്‍ എന്നയാള്‍ പരാതിയുമായി കോടതിയെ സമീപിക്കുന്നത്. 2021 മാര്‍ച്ചില്‍ ഡെലിവറിയെടുത്ത ഹ്യുണ്ടായി ഐ20 കാര്‍ ഉപയോഗിച്ച് ഒരു മാസത്തിനുള്ളില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ സിസ്റ്റത്തിലെ തകരാറുകള്‍ ഉടമ ശ്രദ്ധിച്ചു. സിസ്റ്റം
കൃത്യമായി പ്രവര്‍ത്തിക്കാത്തതും ഡിസ്കണക്റ്റാവുകയും ചെയ്യുന്നത് പതിവായിരുന്നു. മാത്രമല്ല ആപ്പിള്‍ കാര്‍പ്ലേ ഉപയോഗിക്കുമ്പോള്‍ നാവിഗേഷന്‍, ഫോണ്‍ കോളുകള്‍ എന്നിവയിലും തടസങ്ങളുണ്ടാവുന്നത് ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് ഡീലര്‍ഷിപ്പിനെ ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് ഹ്യുണ്ടായി ഐ20 പ്രീമിയം ഹാച്ച് ബാക്കിന്റെ ഉടമയായ സ്വാതി പറഞ്ഞു.
പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡീലര്‍ഷിപ്പില്‍ നിന്ന് നിരവധി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും തകരാര്‍ പരിഹരിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹ്യുണ്ടായി ഡീലര്‍ഷിപ്പിനും കമ്പനിക്കുമെതിരെ കേസ് കൊടുക്കാന്‍ സ്വാതി തീരുമാനിച്ചത്.
സ്വാതിക്ക് നല്കിയ വാഹനത്തില്‍ തകരാറുണ്ടെന്ന് കണ്ടിട്ടും പരിഹരിച്ച് നല്കാത്തതിനും മറ്റുമായാണ് നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും വ്യവഹാര ചാര്‍ജായി 25,000 രൂപയും നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. കമ്പനിയും ഡീലര്‍ഷിപ്പും ഉടമയ്ക്ക് പണം നല്‍കുന്നതിന് പുറമെ ബ്ലൂ ഹ്യുണ്ടായി, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികള്‍ തകരാറുള്ള ആപ്പിള്‍ കാര്‍പ്ലേ സംവിധാനം മാറ്റി നവീകരിച്ച പതിപ്പ് നല്‍കണമെന്നും കോടതി വിധിച്ചു.
വിധി വന്ന തീയതിമുതല്‍ 60 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച് ഉടമയ്ക്ക് വാഹനം തിരികെ നല്‍കണമെന്നും ബെംഗളൂരു അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഉടമയ്ക്ക് പുതിയ കാര്‍ നല്‍കേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: