ലക്നൗ : സസ്യഭക്ഷണം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ സെവന് സ്റ്റാര്‍ ഹോട്ടല്‍ അയോധ്യയില്‍ ഉയരും. ഈ മാസം 22ന് ശ്രീരാമക്ഷേത്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കാനിരിക്കെ ക്ഷേത്രനഗരിയില്‍ ആഡംബര ഹോട്ടലുകള്‍ നിര്‍മിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് നിരവധി ബിസിനസുകാരാണ് എത്തുന്നത്.അതിലൊന്നാണ് ഈ പദ്ധതി എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
”അയോധ്യയില്‍ ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് 25 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശുദ്ധമായ വെജിറ്റേറിയന്‍ സെവന് സ്റ്റാര്‍ ഹോട്ടല്‍ നിര്‍മ്മിക്കുക എന്നതാണ് അതിലൊന്ന്,” മുഖ്യമമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഷവും ജനുവരി 22-ന് പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കുന്നതിനായി മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ലോകോത്തര സൗകര്യങ്ങളുള്ള ആത്മീയ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി അയോധ്യ ഉടന്‍ മാറുമെന്നും പറഞ്ഞു. .
നിലവില്‍ 50,000-ത്തിലധികം തീര്‍ത്ഥാടകരെ പാര്‍പ്പിക്കാനുള്ള ശേഷി അയോധ്യക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി, യോഗി ആദിത്യനാഥിന്റെ സ്വന്തം പട്ടണമായ ഗോരഖ്പൂര്‍, ലഖ്നൗ, പ്രയാഗ്രാജ് എന്നിവയുമായി അയോധ്യയെ ബന്ധിപ്പിക്കാന്‍ ഹരിത ഇടനാഴി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘2017-ന് മുമ്പ് അയോധ്യയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ നഗരം വികസിപ്പിക്കാന്‍ ശ്രമിച്ചു. ഇതെല്ലാം പത്ത് വര്‍ഷം മുമ്പ് സംഭവിക്കേണ്ടതായിരുന്നു.എന്നാല്‍ അയോധ്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല,’ യോഗി ആദിത്യനാഥ് വെളിപ്പെടുത്തി.
പട്ടണത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി കുടിയിറക്കപ്പെട്ടവര്‍ക്കും കടകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കടകള്‍ക്ക് ഒഴിയേണ്ടി വന്നവര്‍ക്ക് പകരം സ്ഥലം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: