കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അടുത്ത 24ന് ഹർജി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് അന്വേഷണ ഉത്തരവില്‍ പറയുന്നു.
കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കരനാരായണന്‍, പുതുച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. മാസപ്പടി വിവാദത്തിലെ ആദായനികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളൂരു പ്രാഥമികാ ന്വേഷണം നടത്തിയിരുന്നു. ഇതില്‍ നിയമലംഘനങ്ങള്‍ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.
ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞുമാറുന്നതുമായ മറുപടികളാണ് സിഎംആര്‍എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മറുപടി നല്‍കാന്‍ പോലും കെഎസ്‌ഐഡിസി തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
2017ലാണ് എക്‌സാലോജിക്കും സിഎംആര്‍എലും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരമാണ് വീണയ്‌ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സിഎംആര്‍എല്‍ നല്‍കി വന്നിരുന്നത്. എന്നാല്‍, പണം നല്‍കിയ കാലയളവില്‍ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനവും സിഎംആര്‍എല്ലിനു നല്‍കിയിട്ടില്ലെന്നു കണ്ടെത്തി.സിഎംആര്‍എല്‍ ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിനു നല്‍കിയ മൊഴിയാണ് കണ്ടെത്തലിന്റെ അടിസ്ഥാനം.
1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്‌സാലോജിക്കിനു നല്‍കിയതായാണ് റിപ്പോര്‍ട്ട്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണു പണമിടപാട് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: