പാലക്കാട്: മകളുടെ കല്യാണ തിരക്കിലും അനാഥരായ കുട്ടികള്‍ക്ക് ആശ്വാസവുമായി നടന്‍ സുരേഷ് ഗോപി. മാതാപിതാക്കള്‍ നഷ്ടപ്പെട്ടതോടെ ഭാവനവായ്പ അടയ്‌ക്കാന്‍ കഴിയാതെ ദുരിതത്തിലായ ആര്യയ്‌ക്കും സൂര്യയ്‌ക്കുമാണ് സുരേഷ് ഗോപിയുടെ സഹായമെത്തിയിരിക്കുന്നത്.
പാലക്കാട് ഭൂപണയ ബാങ്കില്‍ നിന്നുമാണ് ജപ്തി നോട്ടീസ് തുടര്‍ച്ചയായി വന്നതിനെക്കുറിച്ചുള്ള വാര്‍ത്ത ഇന്ന് രാവിലെയായിരുന്നു പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ഭവനത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കാമെന്നും 260000 രൂപ ബാങ്കിന് കൈമാറുമെന്നും സുരേഷ് ഗോപി അറിയിച്ചത്. ആര്യയ്‌ക്കും സൂര്യയ്‌ക്കും ഇനി വീടിന്റെ ആധാരം തിരികെ ലഭിക്കും.
2018ല്‍ കോങ്ങാട് നായാടിക്കുന്നിലെ സ്ഥലത്ത് കൂലിപ്പണിക്കാരനായ കൃഷ്ണന്‍കുട്ടി 500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് വെച്ചത് പഞ്ചായത്തില്‍ നിന്ന് കിട്ടിയ 2 ലക്ഷം രൂപ കൊണ്ടാണ്. ബാക്കി രണ്ടു ലക്ഷം രൂപ പാലക്കാട് ഭൂപണയ ബാങ്കില്‍ നിന്ന് കടമെടുത്തു. വീട് പണി തീരും മുമ്പേ കൃഷ്ണന്‍കുട്ടി അര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ചു. ഹോട്ടല്‍ ജോലിക്ക് പോയി മക്കളെ വളര്‍ത്തിയ അമ്മ മൂന്നു വര്‍ഷം മുമ്പ് മരിച്ചതോടെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സൂര്യ കൃഷ്ണയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആര്യ കൃഷ്ണയും അനാഥരായി.
ഭവന വായ്പാ ബാധ്യത കുട്ടികളുടെ തലയിലുമായി. അടുത്ത ബന്ധുക്കളാന്നും ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ അനാഥരായ കുട്ടികള്‍ അയല്‍ക്കാരുടെ സഹായത്തോടെയാണ് ജീവിച്ചു വന്നിരുന്നത്. പലിശയടക്കം 4 ലക്ഷത്തിലധികമാണ് ബാങ്കിലെ കടം. ഈ പ്രതിസന്ധികള്‍ക്കിടെയാണ് കുട്ടികളുടെ ദുരിതത്തിന് പരിഹാരവുമായി സുരേഷ് ഗോപി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: