അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാദിവസം പള്ളിയറയില്‍ ആഘോഷമാണ്. എല്ലാവരും ഒത്തുചേരും. രാമമന്ത്രം ചൊല്ലും. പള്ളിയറയിലും ആവേശം അലതല്ലുകയാണ്. തറവാട്ട് കാരണവര്‍ രാമേട്ടന്റെ ഓര്‍മ്മകളിലുണരുന്നത് ജയിലറയായി മാറിയ ദളിത്പൂര്‍ വനിതാ കോളജിലുയര്‍ന്ന ആരവങ്ങളാണ്. ജയ്ശ്രീറാം, മുലായം മുല്ലാ ഹേ… തുടങ്ങിയ മുദ്രാവാക്യങ്ങള്‍. 1992ലെ നിര്‍ണായകമായ കര്‍സേവയ്‌ക്കുള്ള സംഘത്തിലാണ് പള്ളിയറ രാമന്‍ ഉള്‍പ്പെട്ടിരുന്നത്. ആര്‍എസ്എസ് സംഘചാലകായിരുന്ന കൊളക്കോട് ചന്ദ്രശേഖരന്‍ പള്ളിയറ തറവാട്ടില്‍ ഒരു ദിവസം താമസിക്കുന്നതിനിടെയാണ് രാമേട്ടനോട് കര്‍സവയെക്കുറിച്ച് വിശദീകരിച്ചത്. നേരിടേണ്ടിവരുന്ന എല്ലാ വെല്ലുവിളികളും ഓര്‍മ്മിപ്പിച്ചു. ടിയര്‍ ഗ്യാസ്, വെടിവയ്പ് തുടങ്ങി എന്തും നേരിടേണ്ടിവരും. തിരിച്ചുവരല്‍ പോലും അസാധ്യമാവും.. രാമേട്ടനെ ഈ മുന്നറിയിപ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലനാക്കി. കര്‍സേവയില്‍ പങ്കെടുക്കാനായി രാമേട്ടന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് കയറി.
ഝാന്‍സിയിലേക്കാണ് ട്രെയിന്‍ കയറിയത്. ട്രെയിനില്‍ രാമേട്ടനോടൊപ്പം പല ഭാഗത്തുനിന്നുള്ള നിരവധി കര്‍സേവകരും ഉണ്ടായിരുന്നു. തീവണ്ടിമുറികളാകെ രാമമന്ത്രമുഖരിതം. ഝാന്‍സിയില്‍ ഇറങ്ങിയതോടെ പോലീസ് എത്തി. അയോദ്ധ്യയിലേക്ക് പോകാന്‍ ആവില്ലെന്നും ജയിലിലേക്ക് കൊണ്ടുപോവുകയാണെന്നും പോലീസ് ഹിന്ദിയില്‍ പറഞ്ഞു. ജയിലുകള്‍ മുഴുവന്‍ കര്‍സേവകരെക്കൊണ്ടു നിറഞ്ഞിരുന്നു. കോളജുകളും സ്‌കൂളുകളും ജയിലുകളായി മാറ്റി.
ഝാന്‍സിയിലെ വനിത ആര്‍ഡിഒ കര്‍സേവകരോട് വളരെ മാന്യമായാണ് പെരുമാറിയത്. അവരാണ് രാമേട്ടനെയും കൂട്ടരേയും ദളിത്പൂരിലെ വനിതാ കോളജിലേക്ക് മാറ്റിയത്. പിന്നീടുള്ള ഏഴ് ദിവസം അവിടെയായിരുന്നു രാമേട്ടന്റെ ജയില്‍വാസം. റൊട്ടിയും ദാലും സബ്ജിയും ആയിരുന്നു ഭക്ഷണം. ഇതിനിടെ പല കര്‍സേവകരും ജയില്‍ ഭേദിച്ച് പുറത്തു കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെയെല്ലാം ഒരു ഡിവൈഎസ്പി
യുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
ജയിലില്‍ സേവനം ചെയ്യുന്ന ഹോം ഗാര്‍ഡ് വഴിയാണ് തര്‍ക്കമന്ദിരം തകര്‍ന്ന വിവരം കര്‍സേവകര്‍ അറിയുന്നത്. തുടര്‍ന്ന് കര്‍സേവകരെ മോചിപ്പിച്ചു. രാമേട്ടനും സംഘവും നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തി. അന്നാണ് കൃത്യമായി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും. രണ്ടുദിവസത്തിനുശേഷം നാട്ടിലേക്ക് ട്രെയിന്‍ കയറി പതിനഞ്ചാം നാള്‍ വീട്ടിലെത്തി. ആഘോഷം പള്ളിയറയില്‍ രാമേട്ടനെ ആദരിക്കുന്നതിന് വേണ്ടിക്കൂടിയാണ്. കര്‍സേവയില്‍ പങ്കെടുത്തതിന്, രാമപുണ്യം നേടിയതിന് ഒരു നാടിന്റെ ആദരമായി അത് മാറുമെന്ന് എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷനും പള്ളിയറ തറവാട് അംഗവുമായ പള്ളിയറ മുകുന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: