തിരുവനന്തപുരം: ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെയും അനുബന്ധ കമ്പനിയായ പിഎഎല്‍ എക്സ്പ്രസ്സിന്റെയും ജീവനക്കാരുടെ വിമാന യാത്രകള്‍ ഐബിഎസിന്റെ ഐഫ്ളൈ സ്റ്റാഫ് വഴി കൈകാര്യം ചെയ്യുന്നതിന് തുടക്കമായി.
നിലവിലുള്ള ജീവനക്കാരുടെയും വിരമിച്ചവരുടെയും വിമാനയാത്രകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സാസ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ ആണ് ഐഫ്ളൈ സ്റ്റാഫ്. ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെയും പിഎഎല്‍ എക്സ്പ്രസ്സിന്റെയും ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും വിമാനയാത്ര പ്ലാന്‍ ചെയ്യുന്നതും ബുക്ക് ചെയ്യുന്നതും ഇതോടുകൂടി കൂടുതല്‍ ലളിതമാകും.
ഐബിഎസിന്റെ സാസ് അധിഷ്ഠിതമായ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന ദക്ഷിണപൂര്‍വേഷ്യയിലെ ആദ്യത്തേതും ഏഷ്യ പസഫിക് മേഖലയിലെ നാലാമത്തേതും വിമാനക്കമ്പനിയാണ് ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്.
ഐഫ്ളൈ സ്റ്റാഫിന്റെ വരവിന് മുമ്പ് ദിവസങ്ങള്‍ എടുത്തിരുന്ന പല നടപടി ക്രമങ്ങളുമാണ് ഇപ്പോള്‍ ലഘൂകരിച്ചത്. കടലാസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍, മികച്ച സൈബര്‍ സുരക്ഷാസംവിധാനം, മള്‍ട്ടിപ്പിള്‍ പെയ്മെന്റ് ഓപ്ഷന്, എന്നിവയാണ് ഇതിന്റെ മേന്മകള്.
പിഎഎല്ലിന്റെ ജീവനക്കാര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മികച്ച വിമാനയാത്രയും ബുക്കിംഗ് അനുഭവം നല്‍കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു പിഎഎല്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ വൈസ് പ്രസിഡന്റ് ജോ ആന്‍ മെലുവെന്‍ഡ പറഞ്ഞു. ഐഫ്ളൈ സ്റ്റാഫിന്റെ വരവോടെ ഏതാനും ക്ലിക്കുകള്‍ കൊണ്ട് എവിടേക്കുള്ള യാത്രകള്‍ ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും തീയതി മാറ്റാനും സാധിക്കും. പൂര്‍ണമായ ഓട്ടോമേഷന്‍, മികച്ച ബുക്കിംഗ് അനുഭവം, ലളിതമായ നടപടിക്രമങ്ങള്‍ എന്നിവയാണ് ഐബിഎസ് സോഫ്റ്റ് വെയറുമായി സഹകരണം ഉറപ്പാക്കാനുള്ള പ്രധാന കാരണങ്ങള്‍. ഉപഭോക്തൃ സൗഹൃദവും, സങ്കീര്‍ണതകളില്ലാത്തതുമായ യാത്രാനുഭവം ജീവനക്കാര്‍ അര്‍ഹിക്കുന്നുണ്ട്. ഇനി എഴുത്തുകുത്തുകളുടെ ഭാരം ഏറെ ഇല്ലാതാകുമെന്നും മെലുവെന്‍ഡ പറഞ്ഞു.
ഐഫ്ളൈ സ്റ്റാഫ് ഉപയോഗിക്കുന്ന ആദ്യ ദക്ഷിണപൂര്‍വേഷ്യന്‍ ഉപഭോക്താവാണ് പിഎഎല്‍ എന്ന് ഐബിഎസ് സോഫ്റ്റ് വെയറിലെ ഐഫ്ളൈ സ്റ്റാഫിന്റെ മേധാവിയും വൈസ് പ്രസിഡന്റുമായ വിജയ് ആര് ചക്രവര്‍ത്തി പറഞ്ഞു. ഈ സോഫ്റ്റ് വെയറിന്റെ സേവനത്തിലൂടെ പിഎഎല്ലിന് അവരുടെ സേവനം മെച്ചപ്പെടുത്താനും വാണിജ്യലക്ഷ്യങ്ങള്‍ കൈവരിക്കാനും സാധിക്കുമെന്ന് ഉറപ്പുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഇതിന്റെ പൂര്‍ണ വിനിയോഗശേഷി കൈവരിക്കാനും കഴിയുമെന്നാണ് കരുതുന്നത്.
ഏഷ്യയിലെ ആദ്യ വാണിജ്യ വിമാനക്കമ്പനിയാണ് ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്. ഫിലിപ്പൈന്‍സിനുള്ളില്‍ 33 സ്ഥലങ്ങളിലേക്കും ഏഷ്യ, ഗള്‍ഫ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിലേക്കും പിഎഎല്ലിന് സര്‍വീസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: